സൗജന്യ ചലച്ചിത്ര പരിശീലന സഹായ പദ്ധതിയുമായി കംഗാരു വിഷന്‍
Saturday, June 9, 2018 6:01 PM IST
ബ്രിസ്ബെയ്ന്‍: ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് അവസരം ലഭിക്കാത്ത മലയാളികളായ കലാകാരന്മാര്‍ക്ക് ചലച്ചിത്ര നിര്‍മാണത്തില്‍ പരിശീലനവും സാമ്പത്തിക സഹായവും നല്‍കാന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് ഓസ്ട്രേലിയയിലെ കംഗാരു വിഷന്‍ തുടക്കമിട്ടു. സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്‍ഡ് സിവിക് സെന്‍ററില്‍ ക്യൂന്‍സ്‌ലാന്‍ഡ് പാര്‍ലമെന്‍റ് അംഗം കോളിന്‍ ബോയ്സാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

മികച്ച വിനോദ, വിജ്ഞാന പരിപാടികളിലൂടെ ഭൂഖണ്ഡേതര സൗഹൃദവും സഹകരണവും സാക്ഷാത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് കംഗാരു വിഷന്‍റെ പ്രവര്‍ത്തനം. സന്ദേശ ചലച്ചിത്ര മേഖലയില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ വേള്‍ഡ് മദര്‍ വിഷന്‍റെ പങ്കാളിത്തത്തോടെയാണ് ചലച്ചിത്ര പരിശീലന പദ്ധതി നടപ്പാക്കുന്നത്. ദളിത്-ആദിവാസി കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി അവരുടെ ഹ്രസ്വ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തി, അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന മികവ് വിലയിരുത്തി സിനിമ നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കുക എന്ന തരത്തിലുള്ള സഹായ പദ്ധതി ലോകത്ത് ഇതാദ്യമാണ്.

പരിശീലന പദ്ധതിയിലൂടെ തങ്ങളുടെ അഭിരുചികളും കഴിവുകളും പ്രകടമാക്കാന്‍ പരിമിതമായ അവസരങ്ങള്‍ മാത്രമായി കഴിയുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ചലച്ചിത്ര രംഗത്തെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് മള്‍ട്ടി നാഷണല്‍ സാംസ്കാരിക പരിപാടികള്‍ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.

ഹ്രസ്വ ചിത്ര നിര്‍മാണത്തിന് കേരളത്തിലുള്ള കലാകാരന്മാര്‍ക്കാണ് സാമ്പത്തിക സഹായം നല്‍കുന്നത്. ചലച്ചിത്ര മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സൗജന്യ പഠന പരിശീലനത്തോടൊപ്പം പരിശീലനം നേടുന്നവര്‍ നിര്‍മിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ കംഗാരു വിഷന്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. മേളയിലെ ഏറ്റവും മികച്ച ആദ്യ മൂന്ന് ചിത്രങ്ങള്‍ക്ക് ക്യാഷ് അവര്‍ഡും ഫലകവും പ്രശസ്തിപത്രവും മേളയില്‍ പങ്കെടുക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കുമെന്നും തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഈ പദ്ധതിയില്‍ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഉള്‍പ്പെടുത്തി സിനിമ നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്നും സംവിധായകനും വേള്‍ഡ് മദര്‍ വിഷന്‍റെയും കംഗാരു വിഷന്‍റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജോയ് കെ. മാത്യു പറഞ്ഞു.

ജോയ് കെ. മാത്യുവിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബനാന ഷെയര്‍ മേയര്‍ നെവ് ജി. ഫെറിയര്‍ മുഖ്യപ്രഭാഷണം നടത്തി. ബനാന ഷെയര്‍ ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍, ക്യൂന്‍സ്‌ലാന്‍ഡ് ചീഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, കൗണ്‍സിലര്‍ ഡേവിഡ് സ്നല്‍, ടെറി ബോയ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി ലാസര്‍, വിന്നീസ് പ്രസിഡന്‍റ് ഗേഫ്രേയ്സര്‍, ആഗ്നസ് ജോയ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ക്ക് കംഗാരു വിഷന്‍റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. https://www.facebook.com/KangarooVision/