ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അമേരിക്കയുടെ യാത്രാ വിലക്ക്
Friday, July 17, 2020 6:14 PM IST
വാഷിംഗ്ടണ്‍: അമേരിക്ക-ചൈന തര്‍ക്കം രൂക്ഷമായിരിക്കെ ചൈനയ്ക്കു മേല്‍ പുതിയ വിലക്കുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും ഇവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാ വിലക്കേര്‍പ്പടുത്താനാണ് വാഷിംഗ്ടണ്‍ ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വിവര പ്രകാരം ഈ യാത്രാ വിലക്ക് 9.2 കോടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്.

ഹോങ്കോംഗ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് നീക്കം. ഹോങ്കോംഗ് സ്വയംഭരണ നിയമം നടപ്പാക്കുന്നതില്‍ വാഷിംഗ്ടണ്‍ മുന്നോട്ട് പോയാല്‍ അമേരിക്കക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ചൈന ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിവാദമായ ദേശീയ സുരക്ഷാ നിയമം ചൈന അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ഹോങ്കോങ്ങിനുള്ള മുന്‍ഗണനാര്‍ഹമായ സാമ്പത്തിക ഇടപെടല്‍ അവസാനിപ്പിക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ട്രംപ് ഒപ്പുവച്ചിരുന്നു. അമേരിക്കയുടെ ഈ നടപടിയാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ