പ്രളയബാധിത മേഖലയില്‍ എന്‍ആര്‍ഐ അസോസിയേഷനുകളുടെ സഹായം നേരിട്ട്
Thursday, September 6, 2018 7:40 PM IST
വൈക്കം റോട്ടറി ക്ലബിന്‍റേയും വിശ്വാസിന്‍റേയും എസ്2വി സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയത്തെ വടയാറില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും രക്തപരിശോധനയും കിറ്റ് വിതരണവും നടത്തി. നാനൂറോളം പേര്‍ പങ്കെടുത്ത മെഗാ ക്യാമ്പ് സെപ്റ്റംബര്‍ രണ്ടിനു റോട്ടറി ക്ലബ് പ്രസിഡന്‍റ് രാജു തോമസ് ഉദ്ഘാടനം ചെയ്തു. അഞ്ചു ഡോക്ടര്‍മാര്‍ പങ്കെടുത്ത ക്യാമ്പില്‍ സമഗ്ര ആരോഗ്യ പരിശോധന നടത്തി.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. പ്രളയബാധിത മേഖലയിലുള്ളവര്‍ക്ക് എലിപ്പനി മരുന്നുകളും അവര്‍ക്കാവശ്യമായ കിറ്റുകളും നല്‍കി. കിറ്റില്‍ ബഡ്ഷീറ്റ്, ഷര്‍ട്ട്, മുണ്ട്, അരി. പയര്‍ മുതലായവ ഉള്‍പ്പെടുത്തിയിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം ലഘുഭക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

റോട്ടറി ക്ലബ് പ്രസിഡന്‍റ് രാജു തോമസ്, സെക്രട്ടറി ഐജു നീരയ്ക്കല്‍, പ്രതിനിധികളായ ഷിജോ മാത്യു, ഷൈന്‍, വിശ്വാസിന്റെ പ്രസിഡന്‍റ് ജോസ് ജോസഫ് ചക്കുങ്കല്‍, സെക്രട്ടറി എം.കെ. തോമസ്, പ്രതിനിധികളായ ജോളി തോമസ്, വാര്‍ഡ് മെംബർ നിമ്മി മാര്‍ട്ടിന്‍ തുടങ്ങിയവരാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. എസ്ടുവി സൊസൈറ്റിയിലെ അംഗങ്ങളും മെഡിക്കല്‍ ക്യാമ്പിനുവേണ്ട ഒരുക്കങ്ങളുമായി സജീവമായിരുന്നു.

എന്‍ആര്‍ഐ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ഹൂസ്റ്റണില്‍ നിന്നും പയസ്, ഷിക്കാഗോയില്‍ നിന്നും ജോജോ എന്നിവരും പദ്ധതിയുടെ തുടക്കംമുതല്‍ പങ്കാളികളായിരുന്നു.

പ്രളയബാധിതമേഖലയിലെ ജനങ്ങള്‍ക്ക് ഈ മെഗാ ക്യാമ്പ് ആശ്വാസമായി. ഇതിന്റെ തുടര്‍ച്ചയായി മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുകയും ഒരു ബുക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ ബുക്കില്‍ വടയാറിലെ സമഗ്ര ആരോഗ്യ പരിശോധനയുടെ ഫലങ്ങളും വെള്ളപ്പൊക്ക കെടുതികളും പകര്‍ച്ചവ്യാധികളും തടയുവാനുള്ള നിര്‍ദേശങ്ങളും ബുക്കിലുണ്ടായിരിക്കും. വെള്ളംപൊങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു മാപ്പ് ബുക്കില്‍ ഉള്‍പ്പെടുത്തും. പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ എസ്ടുവിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

റിപ്പോർട്ട് ജോയിച്ചൻ പുതുക്കുളം