വി.ഐ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ നിര്യാതനായി
Monday, September 10, 2018 11:44 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ പ്രമുഖ വൈദീകനും, മംഗലാപുരം മേഖലയില്‍ വിവിധ ഇടവകകളുടെ സ്ഥാപനത്തിനും വളര്‍ച്ചയ്ക്കും മുഖ്യ പങ്കുവഹിക്കുകയും ചെയ്ത വി.ഐ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ (80) സെപ്റ്റംബര്‍ ഒമ്പതിനു ബംഗളൂരുവില്‍ ദിവംഗതനായി. സംസ്‌കാരം സെപ്റ്റംബര്‍ 12നു ബുധനാഴ്ച ബംഗളൂരൂ ജാലഹള്ളി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.

തിരുവല്ല വളഞ്ഞവട്ടം വയലിപ്പറമ്പിലായ മണിക്കളത്തില്‍ കുടുംബാംഗമായ മാത്യൂസ് കോര്‍എപ്പിസ്‌കോപ്പ മലബാര്‍, മദ്രാസ്, സൗത്ത് കാനറ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ ഇടവകകളില്‍ ശുശ്രൂഷ നിര്‍വഹിച്ചു. ഇച്ചിലാംപടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സമ്പ്യാടി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായ സ്വാധീനമായിരുന്ന വന്ദ്യ കോര്‍എപ്പിസ്‌കോപ്പ ഇടവക ശുശ്രൂഷകള്‍ അവസാനിപ്പിച്ച് ബംഗളൂരുവില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ സെക്രട്ടറിയായി ശുശ്രൂഷിച്ച അദ്ദേഹത്തെ ദിദിമോസ് ബാവ കോര്‍എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി ആദരിച്ചു.

പി.ടി. ഏബ്രഹാം (മംഗലാപുരം), കുഞ്ഞുമോള്‍ (ടൊറന്റോ, കാനഡ), ലൈലാമ്മ (ക്വീന്‍സ്, ന്യൂയോര്‍ക്ക്), ശാന്തമ്മ ഫിലപ്പ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ പരേതന്റെ സഹോദരങ്ങളം മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മുന്‍ കൗണ്‍സില്‍ അംഗവും, ഫോമ മുന്‍ വൈസ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് സഹോദരീ ഭര്‍ത്താവുമാണ്. വന്ദ്യ കോര്‍എപ്പിസ്‌കോപ്പയുടെ മരണാനന്തര ശുശ്രൂഷകളില്‍ പങ്കുചേരുവാന്‍ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധിയാളുകള്‍ നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം