ഫിലഡൽഫിയ ജർമ്മൻടൗണ്‍ പള്ളിയിൽ വേളാങ്കണ്ണിമാതാവിന്‍റെ തിരുനാൾ ആഘോഷിച്ചു
Friday, September 14, 2018 12:02 AM IST
ഫിലഡൽഫിയ: ആവേമരിയ സ്തോത്രഗീതങ്ങളുടെയും വിവിധ ഭാഷകളിലുള്ള ജപമാലയർപ്പണത്തിന്‍റെയും രോഗശാന്തിപ്രാർത്ഥനകളുടെയും ദൈവസ്തുതിപ്പുകളുടെയും ഹെയ്ൽ മേരി മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വർഗീയസമാനമായ അന്തരീക്ഷത്തിൽ ജർമ്മൻ ടൗണ്‍ മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനതിരുനാളും വേളാങ്കണ്ണി ആരോഗ്യ മാതാവിന്‍റെ തിരുനാളും സംയുക്തമായി സെപ്റ്റംബർ എട്ടിന് ആഘോഷിച്ചു.

കൊപ്പേൽ സെന്‍റ് അൽഫോൻസാ സീറോമലബാർ പള്ളിവികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. വില്യം ജെ. ഒബ്രയിൻ, സി.എം, അസോസിയേറ്റ് ഡയറക്ടർ റവ. ഫ്രാൻസിസ് സാക്സ്, സിഎം.; സീറോമലബാർപള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, സെന്‍റ് ജോണ്‍ ന്യൂമാൻ ക്നാനായ മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ, സെന്‍റ് ജൂഡ് സീറോ മലങ്കര പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഫാ. പുഷ്പദാസ് എന്നിവർ സഹകാർമികരായിരുന്നു.

ഇറ്റാലിയൻ, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ മാറിമാറി ചൊല്ലിയ ജപമാലപ്രാർഥനയോടൊപ്പം നൈറ്റ്സ് ഓഫ് കൊളംബസിന്‍റെ അകന്പടിയോടെ വേളാങ്കണ്ണി മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിർഭരമായ പ്രദക്ഷിണം മരിയഭക്തർക്കും രോഗികൾക്കും സൗഖ്യദായകമായി.

2012 സെപ്റ്റംബർ എട്ടിനു വേളാങ്കണ്ണിമാതാവിന്‍റെ തിരുസ്വരൂപം മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിൽ ആഘോഷപൂർവം പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം തുടർച്ചയായി ഏഴാംവർഷമാണ് വേളാങ്കണ്ണിമാതാവിന്‍റെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.

സീറോ മലബാർ ഇടവകയാണ് തിരുനാളിന് നേതൃത്വം നൽകിയത്. സീറോ മലബാർ യൂത്ത് കൊയർ മരിയഭക്തിഗാനങ്ങൾ ആലപിച്ചു. റവ. ഡോ. സജി മുക്കൂട്ട് തിരുനാൾ സന്ദേശം നൽകി. മിറാക്കുലസ് മെഡൽ ഷ്രൈൻ അസോസിയേറ്റ് ഡയറക്ടർ റവ. ഫ്രാൻസിസ് സാക്സ് സ്വാഗതം ആശംസിച്ചു. വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയിൽ, തിരുനാൾ കോഓർഡിനേറ്റർ ജോസ് തോമസ് എന്നിവ ർ തിരുനാളിന്‍റെ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : ജോസ് മാളേയ്ക്കൽ