ഐഎപിസി അഞ്ചാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം; ട്രൈസ്‌റ്റേറ്റില്‍ ആവേശ ക്വിക്ക് ഓഫ്
Saturday, September 15, 2018 1:24 PM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ എറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി)ന്‍റെ അഞ്ചാമത് അന്താരാഷ്ടമാധ്യമ സമ്മേളനത്തോടനു മുന്നോടിയായി ട്രൈസ്‌റ്റേറ് ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ക്വിക്ക്ഓഫ് നടത്തി. ന്യൂയോര്‍ക്കിലെ ട്രൈസണ്‍ സെന്‍ററിൽ നടന്ന സമ്മേളനത്തില്‍ ചാപ്റ്റര്‍ അംഗങ്ങളും സമൂഹത്തിലെ നാനാത്തുറകളിലെ പ്രമുഖരും പങ്കെടുത്തു. മുന്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ക്വിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്ത അദ്ദേഹം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു.

ഒക്ടോബര്‍ അഞ്ച് മുതല്‍ എട്ട് വരെ അറ്റ്‌ലാന്‍റയില്‍ നടക്കുന്ന അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സിനായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐഎപിസി സ്ഥാപക ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു. ഓരോ വര്‍ഷത്തെയും മാധ്യമസമ്മേളനം പുതിയ പുതിയ അറിവുകള്‍ സമ്മാനിക്കുന്നതാണ്. നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറെ പ്രയോജനകരമാകുന്ന സമ്മേളനം ഓരോ വര്‍ഷം കഴിയും തോറും മികച്ച രീതിയില്‍ നടത്താന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിനായി ഐഎപിസി അംഗങ്ങള്‍ കഴിവതും സംഭാവനകള്‍ നല്‍കണം. ഗള്‍ഫ്‌ പോലെ അമേരിക്കന്‍ മലയാളികള്‍ക്ക് എപ്പോഴും കേരളവുമായി ബന്ധപ്പെട്ട് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ആ സ്ഥിതിക്ക് മാധ്യമങ്ങളുടെ ഇടപെടലുകള്‍ മൂലം മാറ്റംവന്നിട്ടുണ്ട്. അക്കാര്യത്തില്‍ ഐഎപിസിക്കു കൂടുതല്‍കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. രോഗികളും പ്രായമായവരും മാത്രമുളള വീടുകളുടെ അവസ്ഥ അതിഭീകരമാണ്. സര്‍ക്കാരിന്‍റെ സഹായധനം ലഭിച്ചാല്‍പോലും ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍. ഇവര്‍ക്കെല്ലാം നമ്മുക്ക് കഴിയുന്നതെല്ലാം ചെയ്യാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും പങ്കെടുത്ത് കോണ്‍ഫ്രന്‍സ് വിജയിപ്പിക്കണമെന്നു ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദീപികയുടെ മുന്‍ എംഡിയുമായ സുനില്‍ ജോസഫ് കൂഴമ്പാല പറഞ്ഞു. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ അമേരിക്കന്‍ മലയാളികള്‍ പബ്ലിസിറ്റി കൊടുത്തല്ല സഹായങ്ങള്‍ ചെയ്യുന്നത്. ധാരാളം ചാരിറ്റിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് അമേരിക്കന്‍ മലയാളികള്‍. ലക്ഷക്കണക്കിന് ഡോളറുകളാണ് സഹായത്തിനായി അമേരിക്കന്‍ മലയാളികള്‍ ചെലവാക്കുന്നത്. ഇതെല്ലാം കിട്ടേണ്ട ആളുകള്‍ക്ക് നേരിട്ടാണ് കൊടുക്കുന്നത്. സഹായങ്ങള്‍ കൊടുക്കുന്നവരെല്ലാം പബ്ലിസിറ്റി ആഗ്രഹിക്കാത്തവരാണ്. എന്നാല്‍, നമ്മള്‍ കൊടുക്കുന്ന പണം എന്തിനാണ് ചിലവഴിക്കുന്നതെന്നു നാം അറിയുകതന്നെ വേണം. അത് അര്‍ഹരായവര്‍ക്കുലഭിക്കുന്നുണ്ടോയെന്നുകൂടി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍പ്പെട്ടവര്‍ക്ക് സഹായം ലഭ്യമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നു അമേരിക്കയിലെ ആദ്യകാല മാധ്യമപ്രവര്‍ത്തകനും പ്രൊഡ്യൂസറുമായ ഡോ. ബാബു തോമസ് പറഞ്ഞു. പ്രളയബാധിതമായ കേരളത്തിന് നമ്മുക്കുപറ്റുന്ന കൈത്താങ്ങ് നല്‍കാന്‍ നാം ഒരുമിച്ചു നില്‍ക്കാമെന്നു ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഇന്നസെന്‍റ് ഉലഹന്നാന്‍ പറഞ്ഞു. ഐഎപിസിയുടെ അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്‍റർനാഷണൽ കോണ്‍ഫ്രന്‍സില്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകരെത്തുമെന്നു ഐഎപിസി പിആര്‍ഒ ഫിലിപ്പ് മാരേട്ട് പറഞ്ഞു. ഐഎപിസിയുടെ കോണ്‍ഫ്രന്‍സില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരം പറഞ്ഞു. പരിചയസമ്പന്നരായ മാധ്യമപ്രവര്‍ത്തകരാണ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതെന്നും അതുകൊണ്ട് അവര്‍ പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐഎപിസി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോഴെ പദ്ധതി തയാറാക്കണമെന്നു ഐഎപിസി ഫിലാഡാല്‍ഫിയ ചാപ്റ്റര്‍ ട്രഷറര്‍ ജിനു ജോണ്‍ മാത്യു പറഞ്ഞു. ഭാവിയില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നാണ് ചിന്തിക്കേണ്ടത്. അവിടെ നാം വിജയിച്ചാല്‍ നമ്മുടെ മാധ്യമപ്രവര്‍ത്തനം മികച്ചനിലയിലെത്തും. എല്ലാവരും കൂട്ടായി പരിശ്രമിച്ച് കൂടുതല്‍ ആളുകളെ ഒരുമിപ്പിക്കാന്‍ സാധിക്കുമെന്നും കോണ്‍ഫ്രന്‍സിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

പ്രളയത്തില്‍പ്പെട്ടവര്‍ക്കായി ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാന്‍ സാധിക്കണമെന്ന് ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ചെറിയാന്‍ ചക്കാലപ്പടിക്കല്‍ പറഞ്ഞു. കണ്‍വന്‍ഷന് എല്ലാവരും എല്ലാ സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐഎപിസിയുടെ ഇന്‍റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സ് വന്‍വിജയമാക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നു ഐഎപിസി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ മാത്യു പറഞ്ഞു. പ്രളയബാധിതരെ നാമെല്ലാവരും സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി അരുണ്‍ ഹരി, പവര്‍വിഷന്‍ യൂണിടെക്ക് സ്ഥാപകന്‍ ബാബു തോമസ്, സജു ഫിലാഡാല്‍ഫിയ, ഷാജി എണ്ണശേരി, ബെന്‍സി ജോണി, സജി താമരംവേലി തുടങ്ങിയവര്‍ പങ്കെടുത്തു. ഐഎപിസി ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദിപറഞ്ഞു.