ഡോ സുനന്ദ നായര്‍: മോഹിനിയാട്ടത്തിന്റെ ആഗോള അംബാസിഡര്‍
Sunday, September 16, 2018 2:44 PM IST
ഹൂസ്റ്റണ്‍: മുപ്പത്തിമൂന്നു വര്‍ഷം മുന്‍പ്. മുംബയ് അന്ധേരി തക്ഷീലകോളനിയിലെ ഫ്‌ളാറ്റിന്റെ ചെറിയമുറി. ഭരതനാട്യവും കഥകളിയും പഠിച്ച സുനന്ദ, ടിവിയിലെ നൃത്ത പരിപാടിയില്‍ കണ്ണും നട്ടിരിക്കുകയാണ്. കനക റെലെയുടെ മോഹിനിയാട്ടമാണ് ദൂരദര്‍ശനില്‍. കണ്ടതും പഠിച്ചതുമായ നൃത്ത രൂപങ്ങളില്‍ നിന്നും സങ്കല്പത്തില്‍ നിന്നും വേറിട്ട മാനവും തലവുമുള്ള നൃത്താവിഷ്‌ക്കാരം. വ്യത്യസ്ഥ നൃത്തച്ചുവടുകള്‍. മോഹിനിയാട്ടത്തില്‍ സാധാരണയായി കാണുന്ന ചൊല്‍ക്കെട്ട്, പദം, തില്ലാന എന്നിങ്ങനെയുള്ള സാമ്പ്രദായിക ശീലങ്ങളെ മാറ്റി ഗണപതിസ്തുതി, അഷ്ടപദി, അഷ്ടനായിക എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങള്‍. ലോ കോളേജ് വിദ്യാര്‍ത്ഥിയായ സുനന്ദ മനസ്സില്‍ ഉറപ്പിച്ചു. ഈ നൃത്തമാണ് എനിക്ക് വേണ്ടത്. മോഹിനിയാട്ടം പഠിക്കണം. അതും കനക റെലെയില്‍ നിന്ന്.

അമ്മയോട് പറഞ്ഞപ്പോള്‍ പിന്തുണച്ചെങ്കിലും സാധിക്കുമോ എന്ന സംശയം. 'ഭരതനാട്യം നന്നായി ചെയ്യും. കഥകളിയും അറിയാം അതു പോരേ' എന്ന ചോദ്യവും. ഭരതനാട്യം പഠിപ്പിച്ച ഗുരു ദീപക് മസുംദാറിനോടും ആഗ്രഹം പറഞ്ഞു. 'കനകറെലെയോട് ശുപാര്‍ശ ചെയ്യാം. പക്ഷേ, പുറത്തുനിന്നുള്ള കുട്ടികളെ അവര്‍ പഠിപ്പിക്കില്ല. നൃത്തരൂപമെന്നതിലുപരി ശാസ്ത്രീയമായും, വൈജ്ഞാനികമായും മോഹിനിയാട്ടത്തെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ സാരമായ പങ്കു വഹിച്ച നര്‍ത്തകിയാണ്. മുംബൈ കേന്ദ്രമാക്കി അവര്‍ നടത്തുന്ന നളന്ദ നൃത്തകലാ മഹാവിദ്യാലയത്തില്‍ പൂര്‍ണ്ണ സമയ ഡിഗ്രി കോഴ്‌സിനു ചേര്‍ന്നാലേ നൃത്തം പഠിക്കാനാകു'. ശിഷ്യയുടെ ആഗ്രഹത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട് ദീപക് മസുംദാര്‍ ശ്രമിച്ചു നോക്കാം എന്നുമാത്രം പറഞ്ഞു. മസുംദാറിന്റെ ശുപാര്‍ശയുമായി എത്തിയ സുനന്ദയിലെ നര്‍ത്തകിയെ കണ്ടറിഞ്ഞതുപോലെയായിരുന്നു കനകറെലെയുടെ പ്രതികരണം. നാളെ തന്നെ വന്നു ചേര്‍ന്നു കൊള്ളൂ. നിയമ വിദ്യാര്‍ത്ഥിയാണെന്നും അതു തുടരണമെന്നാഗ്രഹമുണ്ടെന്നും സുനന്ദ സൂചിപ്പിച്ചപ്പോള്‍ 'രണ്ടും കൂടി ഒന്നിച്ചെങ്ങനെ' എന്നു ചോദിച്ചെങ്കിലും നിയമ പഠനം മുടക്കേണ്ട എന്ന മറുപടിയും വന്നു. മുംബൈ ലോ കോളേജില്‍ നിന്ന് നിയമബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് രാജ്യാന്തര നിയമത്തില്‍ ഗവേഷണവും നടത്തിയിട്ടുള്ള കനക റെലെ, നൃത്തത്തോടൊപ്പം നിയമപഠനത്തേയും സ്‌നേഹിച്ചിരുന്നതാകാം സുനന്ദയ്ക്കായി ഒരിളവിനു കാരണം. ആ ഇളവ് മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലെ പുതിയൊരു ഏടിനു തുടക്കമാകുകയായിരുന്നു. ഗുരുവിനു ചേര്‍ന്ന ശിഷ്യയായി സുനന്ദ മാറി. മോഹിനിയാട്ടം വിഷയമായെടുത്ത് ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ആദ്യത്തെ ആള്‍. ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും. രാജ്യത്തിനകത്തും പുറത്തുമുള്ള നൃത്തവേദികളെ നടന വൈഭവം കൊണ്ട് വിസ്മയിപ്പിച്ച നര്‍ത്തകി. നിരവധി കലാപ്രതിഭകളുടെ ഇഷ്ട ഗുരുനാഥ. മോഹിനിയാട്ടത്തിന്റെ അന്താരാഷ്ട്ര അംബാസിഡര്‍ എന്ന വിശേഷണം പേറുന്ന മലയാളി. ഡോ. സുനന്ദാ നായര്‍. അമേരിക്കയില്‍ സ്ഥിരതാമസമാണ്.