ലാന റീജിയണല്‍ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയയില്‍
Sunday, September 16, 2018 2:47 PM IST
ഫിലാഡല്‍ഫിയ: ഇരുപത്തിരണ്ടാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജിയണല്‍ കണ്‍വെന്‍ഷന്‍ ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 5 ,6 ,7 തീയതികളില്‍ വിപുലമായ രീതിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സാഹിത്യകാരനും, ഭാഷാസ്‌നേഹിയും അതിലുപരി നോര്‍ത്ത് ആമേരിക്കന്‍ മലയാളികളിലെ സാഹിത്യകാരന്മാരെയും ഭാഷാസ്‌നേഹികളെയും ഒന്നിച്ചു ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിനായി ലാന പോലെ ഒരു സംഘടനയുടെ ആവശ്യകതയും, അതിന്റെ പ്രസക്തിയും മുന്‍കൂട്ടി കണ്ടറിഞ്ഞു , അതിനു വേണ്ടി അക്ഷീണം പരിശ്രമിച്ച ചാക്കോ ശങ്കരത്തില്‍ എന്ന ദീര്‍ഘദര്‍ശിയുടെ അനുസ്മരണാര്ഥം ഈ 'ലാന' കണ്‍വെന്‍ഷനു വേദിയൊരുങ്ങുന്നത് ചാക്കോ ശങ്കരത്തില്‍ നഗര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്ലെയിന്‍ലൈഫ് സെന്റര്‍ (Kleinlife Center , 10100 Jamison Ave. Philadelphia , PA 19118) ആണ്.

ഒക്ടോബര്‍ അഞ്ചിനു വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ (Regitsration Fee -$ 100 / person) ആരംഭിക്കുന്നതാണ്. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്കു അതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ടി ഏഴിനുതന്നെ ലാന റീജിയണല്‍ കണ്‍വെന്‍ഷന്റെ ഉല്‍ഘാടന സമ്മേളനം ആരംഭിക്കുന്നതാണ്. കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന . സതീഷ് ബാബു പയ്യന്നൂര്‍ മുഖ്യാഥിതി ആയിരിക്കുന്നതോടൊപ്പം അമേരിക്കയിലും കാനഡയിലും ഉള്ള പ്രഗത്ഭരും പ്രശസ്തരുമായ എല്ലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും, അച്ചടി ദൃശ്യ മാധ്യമങ്ങളുടെ സമുന്നത വ്യക്തികളും, ഫൊക്കാന,ഫോമാ തുടങ്ങിയ സാംസ്‌കാരിക സംഘടനാ നേതൃത്വങ്ങളും പങ്കെടുക്കും.

തികച്ചും സമയബന്ധിതമായി നടത്തുവാന്‍ ഉദ്ദേശിക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ ഭാഷയുടെയും ഭാഷാസാഹിത്യത്തിന്റെയും വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന പ്രഗത്ഭ വ്യക്തികള്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും, പഠന ക്ലാസുകളും, കാലിക വിഷയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ലാനയുടെ അംഗത്വമുള്ളവരുടെ കൃതികള്‍ക്ക് ആയിരിക്കും ചെറുകഥ, കവിത, ലേഖനം, നോവല്‍ വിഭാഗങ്ങളില്‍ വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനു മുന്‍ഗണന നല്കൂന്നതു.

ചര്‍ച്ച ചെയ്യപ്പെടേണ്ട സ്വന്തം കൃതികള്‍ (ചെറുകഥ, കവിത, നോവല്‍) മുന്‍കൂട്ടി ലാന ഭാരവാഹികളെ അറിയിക്കുകയും, പ്രസ്തുത രചനകളുടെ കോപ്പികള്‍ ഭാരവാഹികള്‍ക്ക് നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ എത്തിച്ചു കൊടുക്കുകയും ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.തിരഞ്ഞെടുക്കപ്പെടുന്ന ഏഴുകവിതകള്‍ 'ലാന കാവ്യോദയം' എന്ന് പേരില്‍ അതാത് കവികളുടെയും മറ്റു പ്രശസ്തരായ കവികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും.തിരഞ്ഞടുക്കുന്ന പത്തു ചെറുകഥകള്‍ ലാന കഥാവെട്ടം എന്നപേരില്‍ കഥാകൃത്തുക്കളുടെയും മറ്റു പ്രശസ്ത സാഹിത്യകാരുടെയും സാന്നിധ്യത്തില്‍ വിലയിരുത്തപ്പെടുന്നതായിരിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്ന ലാന നോവല്‍ മധ്യാഹ്‌നം എന്ന നോവല്‍ ചര്‍ച്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു നോവലുകള്‍ അതാത് നോവലിസ്റ്റുകളുടെ സാന്നിധ്യത്തില്‍ ചര്‍ച്ചയ്ക്കു വേദിയൊരുക്കും.

അമേരിക്കയുടെയും കാനഡയുടെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നുചേര്‍ന്ന ഏവര്‍ക്കും പങ്കെടുക്കുവാന്‍ പാകത്തില്‍ മലയാള സാഹിത്യത്തിന്റ എല്ലാ ശാഖകളേയും സ്പര്‍ശിക്കുന്ന സോദ്ദേശ സാഹിത്യത്തിന്റെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ ഭാഷാസാഹിത്യ പ്രമുഖര്‍ നയിക്കുന്ന സിംപോസിയം ലാന സമ്മേളന പരിപാടികള്‍ക്ക് മറ്റു കൂട്ടും.ഡാളസ്സിലെ സംഗീത പ്രേമികളുടെ ഹരമായി മാറിയ ഡാളസ് മെലഡീസ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, ഫിലാഡല്‍ഫിയയിലെ കലാപ്രതിഭകളുടെ
നൃത്തനൃത്യങ്ങളും ആയിരിക്കും ആറാം തീയതി ശനിയാഴ്ച വൈകിട്ട് നടക്കുന്ന പൊതു സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമാകുന്നത്.

സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കു വിമാനത്താവളത്തില്‍ നിന്നും സമ്മേളന സ്ഥലത്തേക്കും, താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന ഹോട്ടലിലേക്കും ഉള്ള യാത്രാ ക്രമീകരണങ്ങള്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി അറിയിക്കുന്നു. ഈ യാത്രാ സസൗകര്യം ഏവരും പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ വിമാന സമയവും മറ്റു വിവരങ്ങളും സംഘടനാ ഭാരവാഹികളെ മുന്‍കൂട്ടി അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലാന സമ്മേളന ഭാരവാഹികളുമായി ടെലിഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അശോകന്‍ വേങ്ങശ്ശേരില്‍ (2679699902), ജോര്‍ജ് നടവയല്‍ (2154946420).