ഫിലഡൽഫിയയിലെ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം വർണാഭമായി
Tuesday, September 25, 2018 8:08 PM IST
ഫിലഡൽഫിയ: കേരളീയ ക്രൈസ്തവപൈതൃകവും പാരമ്പര്യങ്ങളും അമേരിക്കയിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന വിശാല ഫിലഡൽഫിയ റീജണിലെ സീറോ മലബാർ, സീറോ മലങ്കര, ക്നാനായ, ലത്തീൻ എന്നീ ഭാരതീയ കത്തോലിക്കർ ഒന്നുചേർന്ന് സെപ്റ്റംബർ 15 നടത്തിയ റൂബി ജൂബിലി ആൻഡ് ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷങ്ങൾ വർണാഭമായി.

ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ എന്ന ആപ്തവാക്യത്തിലൂന്നി ഐഎസിഎയുടെ റൂബി ജൂബിലി വർഷത്തിൽ നടന്ന കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ പേപ്പൽ നുൺഷ്യോ (വത്തിക്കാൻ സ്ഥാനപതി) ആർച്ച് ബിഷപ് ക്രിസ്റ്റോഫ് പിയർ മുഖ്യാതിഥിയായിരുന്നു. ഫിലഡൽഫിയ ആക്സിലിയറി ബിഷപ് ജോൺ മക്കിൻടയർ, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോ മലബാർ രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, അമേരിക്ക-കാനഡ സീറോ മലങ്കര സഭയുടെ ബിഷപ് ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് എന്നിവരും തിരുക്കർമ്മങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

സീറോ മലബാർ പള്ളിയിൽ വിശിഷ്ടാതിഥികൾക്കുളള സ്വീകരണ ഘോഷയാത്രക്ക് ആദ്യകുർബാന സ്വീകരിച്ച കുട്ടികളും താലപ്പൊലിയേന്തിയ വനിതകളും വൈദികസന്യസ്തരും വിശ്വാസിസമൂഹവും പങ്കെടുത്തു. യുവജനങ്ങൾ നേതൃത്വം നൽകിയ ശിങ്കാരിമേളം, മുത്തുക്കുടകളുടെ അകമ്പടി എന്നിവ ഘോഷ യാത്രക്ക് പ്രൗഢിയേകി.

തുടർന്നു പേപ്പൽ നുൺഷ്യോ ആർച്ച് ബിഷപ് ക്രിസ്റ്റോഫ് പിയർ മുഖ്യകാർമികനായുള്ള കൃതജ്ഞതാ ബലിയർപ്പണം നടന്നു. നാലു വൈദിക ശ്രേഷ്ഠരും വൈദികരും സഹകാർമികരായി. ദിവ്യബലിമധ്യേ ക്രിസ്റ്റോഫ് പിയർ നൽകിയ സന്ദേശത്തിൽ നമ്മുടെ മഹത്തായ പൈതൃകം പ്രവാസിമണ്ണിലും കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 കുടുംബങ്ങൾക്കുള്ള പേപ്പൽ ബ്ലസിംഗ്, 25, 40, 50 എന്നീ മൈൽസ്റ്റോൺ ജൂബിലികൾ ആഘോഷിക്കുന്ന ദമ്പതിമാർക്കുള്ള വിശേഷാശീർവാദം, ഐഎസിഎ യുവജന വിഭാഗത്തിന്‍റെ ഉദ്ഘാടനം എന്നിവ നടന്നു. ഫിലഡൽഫിയ അതിരൂപതയുടെ പാസ്റ്ററൽ കെയർ ഫോർ റഫ്യൂജീസ് ആൻഡ് മൈഗ്രന്‍റ്സ് ഡയറക്ടർ മാറ്റ് ഡേവീസും ആഘോഷപരിപാടികളിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി തോമസ്കുട്ടി സൈമൺ, ജോയിന്‍റ് സെക്രട്ടറി മെർലിൻ അഗസ്റ്റിൻ എന്നിവർ എംസിമാരായി.

ഫിലഡൽഫിയ സെന്‍റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ ഡയറക്ടർ ബോർഡ് ചെയർമാനും സെന്‍റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയർമാനും സീറോ മലബാർ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ഷാജി സിൽവ എന്നിവർ ഡയറക്ടർമാരുമായ ഐഎസിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചാർലി ചിറയത്ത് (പ്രസിഡന്‍റ്), ഫിലിപ് ജോൺ ( വൈസ് പ്രസിഡന്‍റ്) തോമസ്കുട്ടി സൈമൺ (ജനറൽ സെക്രട്ടറി), മെർലിൻ അഗസ്റ്റിൻ (ജോയിന്‍റ് സെക്രട്ടറി), സണ്ണി പടയാറ്റിൽ (ട്രഷറർ), സാമുവൽ ചാക്കോ (ജോയിന്‍റ് ട്രഷറർ), സബ്കമ്മിറ്റി ചെയർ പേഴ്സൺസ് ആയി ജോസ് മാളേയ്ക്കൽ, മെർലി പാലത്തിങ്കൽ, ജോസഫ് മാണി, അനീഷ് ജയിംസ്, ജോർജ് നടവയൽ, റോമിയോ ഡാൽഫി, സേവ്യർ മൂഴിക്കാട്ട്, ഫിലിപ് എടത്തിൽ, അലക്സ് ജോൺ, തോമസ് നെടുമാക്കൽ, ജോസഫ് സക്കറിയാ, ജസ്റ്റിൻ തോമസ് എന്നിവരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ