തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ 30 ന്
Tuesday, September 25, 2018 8:26 PM IST
ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടും സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകയും ചേര്‍ന്ന് രൂപീകരിച്ച ‘തിയോളജി എഡ്യൂക്കേഷന്‍ സെന്‍ററി’ല്‍നിന്ന് ദൈവശാസ്ത്ര ബിരുദാനന്തര ബിരുദധാരികളുടെ (എംടിഎച്ച്) ആദ്യ ബാച്ച് പുറത്തിറങ്ങുന്നു.

ബിരുദദാന ചടങ്ങുകള്‍ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ സെപ്റ്റംബര്‍ 30 ന് (ഞായർ) രാവിലെ 9:30 നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുമെന്ന് വികാരി ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

ചടങ്ങില്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകനും ദൈവശാസ്ത്ര പണ്ഡിതനും തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ കൂടിയായ റവ. ഡോ. മാര്‍. ജോസഫ് പാംപ്ലാനിയോടൊപ്പം, തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തായും ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചാന്‍സലര്‍ കൂടിയായ മാര്‍ ജോര്‍ജ് ഞരളക്കാട്ടും സന്നിഹിതനായിരിക്കും.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ 2015 നവംബറില്‍ തുടക്കം കുറിച്ച ആദ്യ ബാച്ചില്‍ പഠനമാരംഭിച്ച 13 പേരാണ് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ‘ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ്’ അമേരിക്കയില്‍ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്‍ററാണ് സോമര്‍സെറ്റിലുള്ളത്.

ആനി എം. നെല്ലിക്കുന്നേല്‍, എല്‍സമ്മ ജോസഫ്, ജെയ്‌സണ്‍ ജി. അലക്‌സ്, ജാന്‍സി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായില്‍, മേരിക്കുട്ടി കുര്യന്‍, റെനി പോളോ മുരിക്കന്‍, ഷൈന്‍ സ്റ്റീഫന്‍, സോഫിയ കൈരന്‍, തെരേസ ടോമി, വർഗീസ് അബ്രഹാം, വിന്‍സന്‍റ് തോമസ് എന്നിവരാണ് തീയോളജിയില്‍ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവര്‍.

യുജിസി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയും സഭാനിയമ പ്രകാരവും തയാറാക്കിയ സമഗ്ര ബൈബിള്‍ മതപഠന കോഴ്‌സുകളാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സവിശേഷത.

ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സില്‍ നാളെയുടെ ആത്മീയ നേതാക്കളെ വാര്‍ത്തെടുക്കാന്‍ ഇടവകകളെ സഹായിക്കുന്നതിനൊപ്പം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സസൂക്ഷ്മം വിശകലനം ചെയ്യാന്‍ സഭാംഗങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ലക്ഷ്യം.

വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍ തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു.

പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജയ്‌സണ്‍ അലക്‌സ് (കോഓര്‍ഡിനേറ്റര്‍) (914) 6459899, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461. WEB: www.stthomassyronj.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം