പോലീസിനോട് കള്ളം പറഞ്ഞ വനിതാ പോലീസിന് 15 വർഷം ജയിൽ ശിക്ഷ
Friday, October 5, 2018 5:17 PM IST
ജാക്സൺ (ജോർജിയ) : കറുത്ത വർഗക്കാരനും ആറടി ഉയരവും 250 പൗണ്ട് തൂക്കവുമുള്ള ഒരാൾ തനിക്കുനേരെ വെടിവച്ചുവെന്നു പോലീസിനോടു കള്ളം പറഞ്ഞ ജാക്സൺ പോലീസ് ഡിപ്പാർട്ട്മെന്‍റിലെ വനിത ഓഫീസർ ഷെറി ഹാളിന് (43) 15 വർഷം ജയിൽ ശിക്ഷയും തുടർന്ന് 23 വർഷം നല്ല നടപ്പും കോടതി വിധിച്ചു.

സെപ്റ്റംബർ 13 നാണു സംഭവം. യാതൊരു പ്രകോപനവുമില്ലാതെയാണ് തനിക്കെതിരെ ഇയാൾ വെടിയുതിർത്തതെന്നും ഉടനെ പെട്രോൾ കാറിനു പുറകിൽ മറഞ്ഞു നിന്നു വെടിവച്ചയാൾക്കെതിരെ രണ്ടു റൗണ്ടു വെടിയുതിർത്തുവെന്നും ഇവർ അവകാശപ്പെട്ടു.

ഷെറി ധരിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് വെസ്റ്റിൽ രണ്ടു വെടിയുണ്ടകൾ തറച്ചിരിക്കുന്നത് തെളിവിനായി ഇവർ ഹാജരാക്കുകയും ചെയ്തു. കാറിലെ വീഡിയോ പരിശോധിച്ചതിൽ ആകെ രണ്ടു വെടിയുടെ ശബ്ദം മാത്രമേ കേൾക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വിശദമായ അന്വേഷണത്തിനൊടുവിൽ ഈ രണ്ടു വെടിയുണ്ടകളും ഇവരുടെ സർവീസ് റിവോൾവറിൽ നിന്നുള്ളതായിരുന്നുവെന്നു കണ്ടെത്തി. ഇവരുടെ പരാതി തികച്ചും വ്യാജമാണെന്നായിരുന്നു അന്വേഷണത്തിൽ നിന്നും മനസിലായതെന്ന് ജാക്സൻ പോലീസ് ചീഫ് ജയിംസ് മോർഗൻ പറഞ്ഞു.

ഇവർക്കെതിരെ 11 ക്രിമിനൽ ചാർജുകളാണുണ്ടായിരുന്നത്. സംഭവം നടക്കുന്ന സമയം ഷെറി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ഇവരുടെ അറ്റോർണി കിംബർലി ബെറി വാദിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ