മുൻ ഇന്ത്യൻ പാർലമെന്‍റ് അംഗം ഉൾപ്പെടെ നാല് ഇന്ത്യക്കാർ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Friday, October 5, 2018 5:31 PM IST
അലാസ്ക: മുൻ ഇന്ത്യൻ പാർലമെന്‍റ് അംഗം ഉൾപ്പെടെ നാല് ഇന്ത്യക്കാർ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. വിശാഖപട്ടണത്തുനിന്നു രണ്ടു തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തെലുങ്കുദേശം പാർട്ടി മുതിർന്ന നേതാവ് എം.വി.എസ് മൂർത്തി (76) ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന വാഹനം ഒക്ടോബർ ഒന്നിന് അലാസ്കയിൽ വച്ചാണ് അപകടത്തിൽപെട്ടത്.

ഒക്ടോബർ 6ന് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്‍റ് അലൂംനി മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആന്ധ്രപ്രദേശ് ലജിസ്‍ലേറ്റിവ് കൗൺസിൽ അംഗമായ മൂർത്തി. വിശാഖപട്ടണം ഗീതം യൂണിവേഴ്സിറ്റി സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം.

ഇവർ സഞ്ചരിച്ചിരുന്ന ഡോഡ്ജ് വാൻ ഫോർഡ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അലാസ്ക്ക സ്റ്റേറ്റ് ട്രൂപ്പർ പറഞ്ഞു. വാനിന്‍റെ ഡ്രൈവർ ശിവ, പട്ടാമ്പി രാമയ്യ, ബാസവ, എംവിഎസ് മൂർത്തി എന്നിവരാണ് മരിച്ച മറ്റുള്ളവർ. വാനിലുണ്ടായിരുന്ന വെങ്കട പരിക്കുകളോടെ രക്ഷപ്പെട്ടു. ട്രക്കിൽ സഞ്ചരിച്ചിരുന്ന ഒരു കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ കോളിൻ (23), ഭാര്യ ഫെലിഷ്യ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

1991 ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂർത്തിക്ക് ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ടിഡിപി പാർട്ടി സ്ഥാപകൻ എൻ. ടി. രാമറാവുമൊത്ത് 1983 മുതൽ പ്രവർത്തിച്ചിരുന്ന മുതിർന്ന നേതാവാണ് മൂർത്തി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട് : പി.പി. ചെറിയാൻ