ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷേധയോഗം ഏഴിന്
Friday, October 5, 2018 5:42 PM IST
ന്യൂയോർക്ക്: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയും അതിൽ ഭക്തജനങ്ങള്‍ക്കുള്ള ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും ന്യൂ യോർക്ക് വേൾഡ് അയ്യപ്പ സേവാ ട്രൂസ്റ്റിന്‍റെ നേതൃത്വത്തിൽ വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ 7 ന് (ഞായർ) രാവിലെ 10 ന് പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു.

ഈ പ്രതിഷേധയോഗത്തിലേക്ക് എല്ലാ വിശാസികളും പങ്കെടുക്കണമെന്ന് ക്ഷേത്രം പ്രസിഡന്റ് പാർഥസാരഥി പിള്ള അഭ്യർഥിച്ചു.

ശബരിമലയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന നാടകം. ഒരു വിഷയം കോടതിക്ക് മുൻപിൽ എത്തുമ്പോൾ അതിനെപ്പറ്റി കോടതിയിൽ സമർപ്പിക്കുന്ന രേഖകളും അവിടെ നടക്കുന്ന വാദങ്ങളും മാത്രം കണക്കിൽ എടുത്താണ് കോടതി വിധി പറയുന്നത്. നാട്ടിലെ ആചാരങ്ങളോ ഭൂരിപക്ഷത്തിന്‍റെ അഭിപ്രായങ്ങളോ നേരിട്ട് അറിയാൻ കോടതിക്ക് മാർഗങ്ങൾ ഒന്നും തന്നെയില്ല. അത്തരം കാര്യങ്ങളിൽ യഥാർഥ വസ്തുത കോടതിയെ അറിയിക്കേണ്ടത് ഭരണകൂടങ്ങൾ ആയിരുന്നു. അവിടെ സർക്കാരുകൾ പരാജയപ്പെട്ടു എന്നുകാണുന്പോൾ ഇവിടെ അവരുടെ അജണ്ടകൾ നടപ്പാക്കുകയായിരുന്നുവെന്ന് മനസിലാക്കാൻ കഴിയും.

ഇപ്പോൾ ഒരു ആചാര പരിഷ്കരണത്തിന്‍റെ ആവശ്യമില്ല ശബരിമലയിൽ. ശബരിമല ശ്രീ അയ്യപ്പന് പുരുഷന്മാരേക്കാളധികം സ്ത്രീ ഭക്തരാണുള്ളത്. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അയ്യപ്പസ്വാമിയെ ഓർത്താൽ, ഒന്ന് ശരണം വിളിച്ചാൽ ഭക്തികൊണ്ടു കണ്ണ് നിറഞ്ഞൊഴുകുന്ന അമ്മമാരാണ് കേരളത്തിലുള്ളവരിലധികവും . ആ ഭക്തകളിൽ ആയിരത്തിലൊരാൾ പോലും ശബരിമല ദർശനം വേണമെന്നാവശ്യപ്പെടുന്നില്ല, അവർ അത് ആഗ്രഹിക്കുന്നുമില്ല.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മുന്‍കാലങ്ങളിലെന്ന പോലെ നിലനിര്‍ത്തി സന്നിധാനത്തിന്റെ പവിത്രത കാത്ത്സൂക്ഷിക്കുവാനും നമുക്ക് ശേഷം ഈ ധർമവും അതിന്‍റെ പവിത്ര മായാ ആചാരങ്ങളും നിലനിൽക്കണം എന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു. ഹൈന്ദവ സമൂഹത്തിൽ പെട്ട ഭക്തരായ സ്ത്രീകൾക്കാർക്കും പരാതിയില്ലാത്ത സാഹചര്യത്തിൽ സുപ്രീം കോടതി ലിംഗനീതി ഊട്ടിയുറപ്പിക്കുവാനുള്ള വിധിയെ മാനിക്കുവാൻ അവർ തയാറല്ല . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സാമൂഹികമായും വിദ്യാഭ്യാസപരമായും മുന്നോക്കം നിൽക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. ഇത്തരം ഒരാവശ്യം വേണമെന്ന് തോന്നിയാൽ പൊതുസമൂഹത്തിൽ അത് പ്രകടിപ്പിക്കാനും അതിനെ ഒരു സാമൂഹിക മുന്നേറ്റമാക്കാനും കഴിവുള്ളവരാണ് അവർ. ഇന്ന് സുപ്രീം കോടതിയുടെ വിധിക്കെതിരെ പ്രതികരിക്കുന്നതും സമരം ചെയെന്നതും സമരങ്ങൾക്ക് നേതൃത്വംനൽകുന്നതും സ്ത്രീകൾ തന്നെയാണ്.

കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ കൊടുങ്കാറ്റ് പടർന്നു പിടിക്കുകയാണ് . കേരളത്തില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഓരോ ദിവസം കഴിയും തോറും ശക്തിയാര്‍ജിച്ച് വരികയും ചെയ്യുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെയാണ് ഈ സമരങ്ങൾ നടക്കുന്നത് . മതവികാരങ്ങള്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ കോടതി ഇടപെടാതിരിക്കുന്നതാവും അഭികാമ്യം . കോടതി വിധിയുടെ പേരില്‍ വിശ്വാസികളെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്നും ഇതുവഴി ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാനാണ് ശ്രമമെന്നും പാർഥസാരഥിപിള്ള അഭിപ്രായപ്പെട്ടു. എല്ലാ അയ്യപ്പ ഭക്തരും ഈ പ്രതിഷേധയോഗത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അപേക്ഷിക്കുന്നു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ