ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ മാര്‍ത്തോമ്മ ചര്‍ച്ച് പാരിഷ് റിട്രീറ്റ് സംഘടിപ്പിച്ചു
Thursday, October 11, 2018 9:04 PM IST
മേരിലാന്‍ഡ്: ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്‍റെ ഈ വര്‍ഷത്തെ മൂന്നു ദിവസം നീണ്ടു നിന്ന പാരീഷ് റിട്രീറ്റ്, വെര്‍ജീനിയായിലെ ഹില്‍ട്ടന്‍ ഹോട്ടലില്‍ നടന്നു. ദമ്പതികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായി നടത്തിയ ക്ലാസിൽ ലോകപ്രശസ്ത കുടുംബപ്രേഷിതനും പ്രമുഖ ഫാമിലി കൗണ്‍സിലറും വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫനും ഫിലഡല്‍ഫിയ മാര്‍ത്തോമ്മ ചര്‍ച്ച് അംഗവുമായ ഡോ. വിനു ഡാനിയേലും നേതൃത്വം നല്‍കി.

"പരിഷ്കാരം വെറും പുറം പകിട്ടാണ്. എന്നാല്‍ സംസ്കാരമാകട്ടെ ആ പരമ ചൈതന്യത്തോളം പുരാതനമായ വേരുകളുള്ള ആന്തരിക പരിണാമത്തിന്‍റെ ഊര്‍ജ്ജവും, ശക്തിയുമാണ്. ഈ കാലത്തിന്‍റെ കരുണയും നൈര്‍മല്യവും തിരികെ വിളിക്കാനും, നിലനിര്‍ത്താനും, പുളിമാവുപോലെ സഹായിക്കുന്ന ഒരു നല്ല സമരിയാക്കാരനായി ജീവിക്കുവാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ ഇടപെടല്‍ ആവശ്യമുള്ള അര്‍ഹതയുള്ള ഭൂമിയിലെ എല്ലാ മനുഷ്യരും നമ്മുടെ അയല്‍ക്കാരാണ്. ഭൂമി മുഴുവനുമായി ബന്ധപ്പെട്ട് ജീവിക്കുകയെന്നതാണ് നല്ല സമരിയാക്കാരന്‍റെ കഥയിലൂടെ യേശു പറഞ്ഞു തന്നത്. ഇരകളും, വേട്ടക്കാരും, കാഴ്ചക്കാരും ഇന്നും നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്കിടയില്‍ പ്രവര്‍ത്തിയുള്ള, മനുഷ്യത്വമുള്ള, ആത്മബന്ധമുള്ള, സത്യസന്ധതയുള്ള, പ്രാര്‍ത്ഥനയും പ്രവര്‍ത്തിയും ഒരു പോലെയുള്ള നല്ല മനുഷ്യരാവുക. അതായിരിക്കണം ഇനി നമ്മുടെ വിശ്വാസ ജീവിതം. ഒപ്പം ഭൂമിയിലെ ക്ഷതമേറ്റ മനുഷ്യരെ ശുശ്രൂഷിക്കേണ്ട സത്രമാകണം സഭ. അങ്ങനെ യേശുവിന്‍റെ ഭാവവും, സ്വഭാവവും, മനോഭാവവുമുള്ളവരായി നമുക്ക് ജീവിക്കാം. പുതിയ ആകാശവും, പുതിയ ഭൂമിയും നമുക്ക് ജീവിതാനുഭവമാക്കാം” സണ്ണി സ്റ്റീഫന്‍ വചനപ്രഘോഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

ഓരോരുത്തര്‍ക്കും ആവശ്യമായ തിരുവചന ബോധ്യങ്ങളും, ജീവിതാനുഭവ പാഠങ്ങളും ദൈവം സമൃദ്ധമായി വിളമ്പി തന്നു. ഒരിക്കലും മറക്കാനാവാത്ത മൂന്നു ദിവസങ്ങളായിരുന്നു ഈ പാരീഷ് റിട്രീറ്റെന്ന് ഫാ. അനു ഉമ്മന്‍ കൃതജ്ഞതയോടെ ഓര്‍മിച്ചു. സണ്ണി സ്റ്റീഫനും ഡോ. വിനു ഡാനിയലിനും പാരീഷ് മിഷന്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് കെ. വര്‍ഗീസും നന്ദി പറഞ്ഞു. ട്രസ്റ്റിമാരായ ജോര്‍ജ് സാമുവേല്‍ (ബെന്നി), ഷിബു സാമുവേല്‍ എന്നിവര്‍ റിട്രീറ്റിനാവശ്യമായ ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു. വേള്‍ഡ് പീസ്‌ മിഷന്‍ കാരുണ്യ ശുശ്രൂഷകള്‍ക്ക് ജോമോള്‍ ജോയി പിന്തുണ നല്‍കി.
www.worldpeacemission.net, Email: [email protected]

റിപ്പോര്‍ട്ട്: കെ.ജെ.ജോണ്‍