യുഎൻ അംബാസഡറാകുമെന്ന പ്രചാരണം തെറ്റ്: ഇവാങ്ക
Thursday, October 11, 2018 10:15 PM IST
വാഷിംഗ്ടൺ: നിക്കി ഹാലെക്കു പകരം ഇവാങ്ക യുഎൻ അംബാസഡറായി നിയമിക്കപ്പെടുമെന്ന പ്രചാരണം തെറ്റാണെന്ന് ട്വിറ്റർ സന്ദേശത്തിൽ ഇവാങ്ക വ്യക്തമാക്കി.

നിക്കിയുടെ രാജി വാർത്ത വന്ന ഉടനെ ഇവാങ്കയാണു പകരം നിയമിക്കപ്പെടുക എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും തന്‍റെ പേരുപോലും പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ഇവാങ്ക വ്യക്തമാക്കി.വൈറ്റ് ഹൗസിൽ മറ്റുള്ള ഉന്നതരോടൊപ്പം പ്രവർത്തിക്കുന്നതാണു തനിക്കിഷ്ടമെന്നും നിക്കിയുടെ സ്ഥാനത്തേക്ക് അർഹരായവരെ പ്രസിഡന്‍റ് നിർദേശിക്കുമെന്നും ഇവാങ്ക കൂട്ടിചേർത്തു.

മുൻ ഡപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസറായ ഡയാന പവ്വൽ, ഇപ്പോൾ ജർമനിയിൽ യുഎസ് അംബാസഡറായ റിച്ചാർഡ് ഗ്രെനൻ എന്നിവരെയാണ് നിക്കിയുടെ സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിട്ടുണ്ട്. ഇസ്രയേല്‍– പാലസ്തീൻ സമാധാന കരാറിനുവേണ്ടി ട്രംപുമായി അടുത്തു പ്രവർത്തിച്ച ഡയനാ പവ്വലിനാണു കൂടുതൽ സാധ്യതയെന്നാണു സൂചന.

റിപ്പോർട്ട്: പി.പി. ചെറിയാൻ