വധശിക്ഷ ഭരണഘടനാ വിരുദ്ധമെന്ന് വാഷിംഗ്ടൺ സുപ്രീം കോടതി
Friday, October 12, 2018 11:03 PM IST
വാഷിംഗ്ടൺ: സംസ്ഥാനത്തു നിലനിന്നിരുന്ന വധശിക്ഷാ നിയമം പൂർണമായും ഭരണഘടനാ വിരുദ്ധമാണെന്ന് വാഷിംഗ്ടൻ സുപ്രീം കോടതി ഐക്യ കണ്ഠേന വിധിച്ചു. വധശിക്ഷ നടപ്പാക്കുന്നതിൽ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷക്കെതിരെ കോടതി ഉത്തരവിട്ടത്.

ഒക്ടോബർ 11ന് ഉത്തരവ് പുറത്തുവന്നതോടെ വധശിക്ഷ കാത്ത് വാഷിംഗ്ടൻ സംസ്ഥാനത്ത് ജയിലിൽ കഴിഞ്ഞിരുന്ന എട്ടു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റിയതായും കോടതിയുടെ ഉത്തരവിൽ പറയുന്നു.

2014 മുതൽ വധശിക്ഷക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്ന സംസ്ഥാനം ഇതോടെ വധശിക്ഷ ഒഴിവാക്കിയ സംസ്ഥാനങ്ങളിൽ ഇരുപതാം സ്ഥാനത്തെത്തി.വധശിക്ഷക്ക് വിധിക്കപ്പെട്ട അലൻ യൂജിൻ ഗ്രിഗൊറി എന്ന പ്രതിയുടെ കേസിലാണ് സുപ്രീം കോടതി വിധി. 1996 ൽ ജനീൻ ഹാർഷ ഫീൽഡ് (43) എന്ന സ്ത്രീയെ കവർച്ച ചെയ്തു മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം.

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു സമരം ചെയ്തിരുന്ന വലിയൊരു വിഭാഗത്തിന്‍റെ വിജയമാണ് ഇന്നത്തെ വിധിയെന്ന് ആംനസ്റ്റി ഇന്‍റർ നാഷണൽ യുഎസ്എ വക്താവ് ക്രിസ്റ്റീന റോത്ത് അവകാശപ്പെട്ടു. അമേരിക്കയിലെ 20 സംസ്ഥാനങ്ങളിൽ വധശിക്ഷ പൂർണമായും ഒഴിവാക്കുകയും മൂന്ന് സംസ്ഥാനങ്ങളിൽ മൊറൊട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ