അറ്റ്ലാന്‍റ കാർമൽ മാർത്തോമ്മ സെന്‍റർ ഭദ്രാസന ആസ്ഥാനമാക്കി ഉയർത്തണം
Saturday, October 13, 2018 6:48 PM IST
അറ്റ്ലാന്‍റ: കാർമൽ മാർത്തോമ്മ സെന്‍റർ, നോർത്ത് അമേരിക്കാ- യൂറോപ്പ് മാർത്തോമ്മ ഭദ്രാസന ആസ്ഥാനമാക്കണമെന്ന് ആവശ്യം ഉയർന്നു. ഒക്ടോബർ 8 ന് വിവിധ മാർത്തോമ്മ ഇടവകകളിൽ നിന്നും ആദ്യമായി സെന്‍റർ സന്ദർശിക്കാൻ എത്തിച്ചേർന്ന സഭാഅംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.

അറ്റ്ലാന്‍റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അധികം വിദൂരത്തിലല്ലാതെ സ്ഥിതിചെയ്യുന്ന അറ്റ്‌ലാന്‍റാ ടക്കര്‍ സിറ്റി ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ 42 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 111820 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആറ് മില്യനോളം ഡോളര്‍ (42 കോടി രൂപ) ചെലവഴിച്ചു നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമ്മ ഭദ്രാസനം സ്വന്തമാക്കിയ കെട്ടിട സമുച്ചയത്തിന്‍റെ പ്രയോജനം സഭയ്ക്കു ലഭിക്കണമെങ്കിൽ ഭദ്രാസന എപ്പിസ്കോപ്പയുടെ സ്ഥിര സാന്നിധ്യം അനിവാര്യമാണെന്നും സംഘം അഭിപ്രായപ്പെട്ടു

2200 പേര്‍ക്കിരിക്കാവുന്ന വലിയ ഓഡിറ്റോറിയം (ദേവാലയം), 200 സീറ്റുകള്‍ വീതമുള്ള അസംബ്ലി ഹാള്‍/ ചാപ്പല്‍, മുപ്പത്തി ആറ് ക്ലാസ്‌റൂം, വലിയ കഫറ്റീരിയ, ജിംനേഷ്യം ഹാള്‍, ആംപി തീയറ്റര്‍, 900 പാര്‍ക്കിംഗ് ലോട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം സ്വന്തമാക്കിയതോടെ ഭദ്രാസന പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് കാർമൽ മാർത്തോമ്മ സെന്‍റർ.

മൗണ്ട് കാര്‍മല്‍ ക്രിസ്റ്റ് ചര്‍ച്ച് പ്രോപ്പര്‍ട്ടി എന്നറിയപ്പെട്ടിരുന്ന ഇവിടം 1989 മുതല്‍ വിവിധ ഘട്ടങ്ങളായി പണിതുയര്‍ത്തിയ ഈ കെട്ടിടം വാങ്ങുന്നതിന് ഇടവക കളില്‍ നിന്നും വ്യക്തികളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും മൂന്ന് മില്യണ്‍ ഡോളര്‍ കാഷായും 3 മില്യണ്‍ ഡോളറോളം ബാങ്ക് വായ്പയായും നല്‍കിയെന്ന് ഭദ്രാസന ട്രഷറര്‍ പ്രഫ. ഫിലിപ്പ് തോമസ് പറഞ്ഞു.

ഭദ്രാസനം തുടങ്ങിവച്ച മെക്‌സിക്കോ മിഷന്‍, പാട്രിക്ക് മിഷന്‍ തുടങ്ങിയ പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസമാണ് പുതിയ പ്രോജക്ട് ഏറ്റെടുക്കുവാന്‍ ഭദ്രാസനത്തെ പ്രേരിപ്പിച്ചത്.

നോര്‍ത്ത് അമേരിക്കയില്‍ മാര്‍ത്തോമ്മ സഭയുടെ ഭാവി ശോഭനമാക്കുന്നതിന് ഭാവി തലമുറയുടെ പങ്ക് അനിവാര്യമാണ്.ഇന്ത്യയിൽ നിന്നും ഇവിടേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു. മാത്രമല്ല ഇവിടെ ജനിച്ചു വളർന്ന യുവജനങ്ങൾക്കു സഭയോടും പട്ടത്വ സമൂഹത്തോടുമുള്ള വിധേയത്വം കുറഞ്ഞു വരുന്നുവെന്ന ഭീതി ജനകമായ സാഹചര്യവും വിസ്മരിക്കാനാവില്ല. ഭാവി തലമുറയെയും ഭാവി പ്രവർത്തനങ്ങളെയും ലക്ഷ്യമാക്കി ഏറ്റെടുത്ത ഈ പ്രോജ്ക്ട് വിജയകരമായി മുന്നോട്ടുകൊണ്ടുപോകണമെന്നുണ്ടെങ്കിൽ യുവതലമുറയെ ഇതിന്‍റെ ചുമതല ഏല്പിക്കുന്നതോടൊപ്പം സഭാ നേത്ര്വത്വത്തിന്‍റെ പ്രത്യേക ശ്രദ്ധയും ഇവിടെ കേന്ദ്രീകരിക്കണമെന്നാണ് സഭാ ജനങ്ങള്‍ ആഗ്രഹിക്കുന്നു.

ഡിസംബറിൽ മാർത്തോമ്മ മെത്രാപോലിത്തായും ഭദ്രാസന എപ്പിസ്കോപ്പയും ഇവിടെ സന്ദർശനത്തിനെത്തുമ്പോൾ സഭാജനങ്ങൾക് പ്രതീക്ഷ നൽകുന്ന തീരുമാനങ്ങൾ കൈകൊള്ളുമെന്നാണ് വിശ്വസിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ