അഭയർഥികളെ തടയുന്നതിന് അതിർത്തി സീൽ ചെയ്യുമെന്ന് ട്രംപ്
Monday, October 22, 2018 10:04 PM IST
വാഷിംഗ്ടൺ: അഭയം തേടി അമേരിക്കൻ അതിർത്തിയിലേക്കു മാർച്ച് ചെയ്യുന്ന ആയിരക്കണക്കിന് അഭയാർഥികളെ തടയുന്നതിന് അതിർത്തി സീൽ ചെയ്യുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അനധികൃതമായി ആരെയും പ്രവേശിപ്പിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഗ്വാട്ടിമാലയിൽ നിന്നുള്ള ആയിരങ്ങൾ മെക്സിക്കോ അതിർത്തിയും കടന്ന് മെക്സിക്കൊ–അമേരിക്കൻ ബോർഡറിലേക്കുള്ള മാർച്ച് തുടരുകയാണ്. രണ്ടായിരം പേരാണ് ഗ്വാട്ടിമാലയിൽ നിന്നും പുറപ്പെട്ടതെന്നും എന്നാൽ ഇവരോടൊപ്പം മെക്സിക്കോയിൽ നിന്നുള്ള ആയിരങ്ങൾ ചേർന്നിട്ടുണ്ടെന്നുമാണു റിപ്പോർട്ട്.‌

ഗ്വാട്ടിമാലയെ മെക്സിക്കോയുമായി ബന്ധിപ്പിക്കുന്ന നദി കടന്നാണു സംഘം മെക്സിക്കോയിൽ എത്തിയത്. ഇവരെ തടയുന്നതിനുള്ള മെക്സിക്കൻ അധികൃതരുടെ ശ്രമം പരാജയപ്പെട്ടിരുന്നു. സെൻട്രൽ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലാ ഹൊൻഡുറാസ് എന്നിവിടങ്ങളിലെ പട്ടിണിയും പീഡനവും സഹിക്കാനാവാതെ കുട്ടികളേയും പ്രായമായവരേയും വഹിച്ചുകൊണ്ടുള്ള നിരവധി വാഹനങ്ങളാണ് ഇപ്പോഴും മെക്സിക്കൊ- ഗ്വാട്ടിമാല അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. തൊഴിലും ഭക്ഷണവും അഭയവും തേടി യാത്ര തുടരുന്ന സംഘം (കാരവൻ) അമേരിക്കയിൽ എത്തിയാലുണ്ടാകുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്നാണ് ട്രംപ് പറയുന്നത്.

അർഹതപ്പെട്ടവരും ക്രിമിനലുകളും ഇതിൽ ഉൾപ്പെടുന്നുണ്ടാകാം. അമേരിക്കയിൽ നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ഡമോക്രാറ്റിക് പാർട്ടിയാണ് മാർച്ചിന്‍റെ പിന്നിലെന്നും ട്രംപ് കുറ്റപ്പെടുത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ