ടെക്സസ് യുഎസ് സെനറ്റ് സീറ്റിൽ ടെഡ് ക്രൂസ് വിജയം ആവർത്തിച്ചു ; ഗവർണർ ഗ്രോഗ് ഏബട്ടിനു വിജയം
Wednesday, November 7, 2018 7:59 PM IST
ഓസ്റ്റിൻ: അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞു നിന്ന വോട്ടെണ്ണലിനൊടുവിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ടെഡ് ക്രൂസ് യുഎസ് സെനറ്റ് സീറ്റിൽ രണ്ടാം തവണയും വിജയം ആവർത്തിച്ചു. പ്രതീക്ഷിച്ചതു പോലെ ഗവർണറായി ഗ്രോഗ് ഏബട്ടും തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യം ഉറ്റുനോക്കികൊണ്ടിരുന്ന ടെക്സസ് സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ റൗർക്കെ കടുത്ത മത്സരമാണ് കാഴ്ചവച്ചത്. റിപ്പബ്ലിക്കൻ കോട്ടയിൽ കടന്നു കയറാം എന്ന മോഹമാണ് ടെക്സസ് വോട്ടർമാർ തകർത്തത്.

1988 ന് ശേഷം ഡമോക്രാറ്റിക് പാർട്ടിക്ക് പ്രതീക്ഷ നൽകിയ മത്സരമായിരുന്നു ഈ മിഡ്ടേം തെരഞ്ഞെടുപ്പ്. ലാറ്റിനൊ വോട്ടർമാരുടെ പിന്തുണ ഡമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചുവെങ്കിലും ബെറ്റൊക്ക് വിജയിക്കാനായില്ല. ആകെ പോൾ ചെയ്ത വോട്ടുകളിൽ 51.2 ശതമാനം (3879061) വോട്ടുകൾ ടെഡ് ക്രൂസ് നേടിയപ്പോൾ ഡമോക്രാറ്റിക് സ്ഥാനാർഥി ബെറ്റൊ ഒ റൗർക്കെ 48.1 ശതമാനം (3646288) വോട്ടുകൾ കരസ്ഥമാക്കി. വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾ ടെഡ് ക്രൂസിന്‍റെ ഭൂരിപക്ഷം വർധിക്കാനാണ് സാധ്യത.

ഗവർണർ ഗ്രോഗ് ഏബട്ട് 4166286 (56.1%) വോട്ടുകൾ നേടി വിജയിച്ചു. ഡമോക്രാറ്റിക് സ്ഥാനാർഥി ലൂപ് വാൽഡസിന് 3139143 (42.3%) വോട്ടുകളാണ് ലഭിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ