ഫോമ സ്റ്റുഡന്‍റ്സ് ഫോറം കേരളപിറവിദിനം ആഘോഷിച്ചു
Wednesday, November 7, 2018 8:49 PM IST
ഡാളസ്: ഫോമയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് (യുടിഡി) സ്റ്റുഡന്‍റ്സ് ഫോറം കേരളപിറവിദിനം ആഘോഷിച്ചു. നവംബര്‍ മൂന്നിന് യുടിഡി സ്റ്റുഡന്‍റ്സ് സര്‍വീസസ് അഡിഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ ഉദ്ഘാടനം ചെയ്തു.

നമ്മുടെ സംസ്കാരവും പാരമ്പര്യവും ഈ മണ്ണിലേക്ക് പറിച്ചു നട്ട്, വെള്ളവും വളവും കൊടുത്ത്, നമ്മുടെ യുവതലമുറയെ വളര്‍ത്തുവാന്‍ മുന്നില്‍ നില്‍ക്കുന്ന ഫോമായെ പോലെയുള്ള ഒരു വലിയ മലയാളി സംഘടനയുടെ അമരത്തിരിക്കുമ്പോള്‍ തനിക്കു അതിയായ അത്മാഭിമാനമുണ്ടന്നു ഫോമ സ്റ്റുഡന്‍റ്സ് ഫോറം രൂപീകരണത്തിന് നേതൃത്വം നല്‍കിയ ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

ഫോമ യുടിഡി സ്റ്റുഡന്‍റ്സ് ഫോറം പ്രസിഡന്‍റ് വിശാല്‍ ഡി വിജയ് സ്വാഗതവും അമല്‍ മോഹന്‍ നന്ദിയും പറഞ്ഞു. ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സിജില്‍ പലയ്കലോടി, ഡോ. വര്‍ഗീസ്‌ ജേക്കബ്‌, ഡാളസ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സാം മത്തായി, ബിജു തോമസ്‌ (ലോസണ്‍ ട്രാവല്‍സ്), ഫോമാ മുന്‍ ജോയിന്‍റ് സെക്രെട്ടറി വിനോദ് കോണ്ടൂര്‍, ഫോമാ യൂത്ത് റെപ്രസെന്റിറ്റിവ് രോഹിത് മേനോന്‍, സ്കോട്ട് എന്നിവര്‍ ആശംസകള്‍ നേർന്നു സംസാരിച്ചു.

തിരുവാതിര, വിവിധ തരം സ്കിറ്റുകള്‍, നൃത്തങ്ങള്‍, ഗാനങ്ങള്‍ എന്നിവയോടുകൂടിയ ആഘോഷങ്ങള്‍ അതിമനോഹരവും പ്രൌഡവും ഹൃദ്യമായിരുന്നു. വിഭവസമൃദ്ധമായ സദ്യക്കുശേഷം അരങ്ങേറിയ ഗയിമുകള്‍ക്ക് ശേഷം പരിപാടികള്‍ വിജയകരായി പര്യവസാനിച്ചു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്‌