ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും
Friday, November 9, 2018 5:12 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്‍റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും സമുചിതമായി ആഘോഷിച്ചു.

വൈകുന്നേരം 6.30-ന് ആരംഭിച്ച പൊതുസമ്മേളനത്തിൽ പ്രസിഡന്‍റ് ജോര്‍ജ് പണിക്കർ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മറിയാമ്മ പിള്ള സ്വാഗതം ആശംസിച്ചു.
കോണ്‍സല്‍ രാജേശ്വരി ചന്ദ്രശേഖര്‍ ഐ.എഫ്.എസ് ഷിക്കാഗോ മലയാളികള്‍ക്ക് കേരളപ്പിറവിദിനാശംസകള്‍ നേര്‍ന്നു. തന്‍റെ ഓഫീസ് ഇന്ത്യക്കാരുടെ എല്ലാ ആവശ്യങ്ങള്‍ക്കുമായിട്ടുള്ളതാണെന്നും എപ്പോഴും തന്നെ വന്നു കാണാമെന്നും അറിയിച്ചു. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയ വികാരി ഫാ. ഷെര്‍ബി വര്‍ഗീസ് തന്റെ പ്രൗഢോജ്വല പ്രഭാഷണത്തില്‍ അസോസിയേഷനുകള്‍ വിശിഷ്ടമായ സ്‌നേഹം പങ്കിടാനുള്ള വേദികളാകണമെന്ന് ഉത്‌ബോധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.

ഡോ. റോയി തോമസ് , പ്രവീണ്‍ തോമസ്, ബിജി എടാട്ട്, ജോര്‍ജ് പാലമറ്റം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സന്തോഷ് നായര്‍, ബീന വള്ളിക്കളം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. കണ്ണിനും കാതിനും ഇമ്പം നല്‍കുന്ന നൃത്യ നൃത്തങ്ങള്‍, പിന്നണി ഗായകന്‍ കോറസ് പീറ്റര്‍, ജോര്‍ജ് പണിക്കര്‍, ജയ്‌സണ്‍ ശാന്തി, അലോന ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള, ഷിക്കാഗോയിലെ പ്രഗത്ഭ ഡാന്‍സ് സ്കൂളുകളിലെ കുട്ടികളുടെ നൃത്തങ്ങള്‍, പോള്‍ പറമ്പി അവതരിപ്പിച്ച ഹാസ്യകലാ പ്രകടനം ഇവയെല്ലാംകൊണ്ട് ഇല്ലിനോയി മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവിയും ഉല്ലാസഭരിതമായ സായാഹ്നമായി.

അനില്‍ കുമാര്‍ പിള്ളയും (ജോയിന്റ് കണ്‍വീനര്‍), വന്ദന മാളിയേക്കലും പരിപാടികളുടെ അവതാരകരായി പ്രവര്‍ത്തിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് റോയി മുളകുന്നം നന്ദി രേഖപ്പെടുത്തി.

മറിയാമ്മ പിള്ള (ജനറല്‍ കണ്‍വീനര്‍), ജോര്‍ജ് മാത്യു (വൈസ് പ്രസിഡന്റ്), ജോയി പീറ്റര്‍ ഇണ്ടിക്കുഴി (ട്രഷറര്‍), ഷാനി ഏബ്രഹാം (ജോയിന്റ് സെക്രട്ടറി), ജോസി കുരിശിങ്കല്‍, തോമസ് ജോര്‍ജ്, ചന്ദ്രന്‍ പിള്ള, സാം ജോര്‍ജ്,. കുര്യന്‍ വിരുത്തിക്കുളങ്ങര, രാജു പാറയില്‍, ജോര്‍ജ് ചക്കാലത്തൊട്ടില്‍, ഷാജന്‍ ആനിത്തോട്ടം, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ എന്നിവരടങ്ങിയ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം