ഷിക്കാഗോ രൂപതാ സീറോ മലബാര്‍ കണ്‍വന്‍ഷന്‍; മാര്‍ ജോയി ആലപ്പാട്ട് കിക്കോഫ് നിര്‍വഹിച്ചു
Sunday, November 11, 2018 2:13 PM IST
ന്യൂയോര്‍ക്ക്: 2019 ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ ഹൂസ്റ്റണില്‍ വച്ചു നടക്കുന്ന ഏഴാമത് ചിക്കാഗോ രൂപതാ സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ എല്ലാ കുടുംബങ്ങളും പങ്കെടുക്കണമെന്ന് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അഭ്യര്‍ത്ഥിച്ചു. ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ കണ്‍വന്‍ഷന്‍ കിക്കോഫ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മാര്‍ ആലപ്പാട്ട്.

ഷിക്കാഗോ രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലെ വിശ്വാസികള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും പരസ്പരം പരിയപ്പെടുവാനും, പരിചയം പുതുക്കാനുമുള്ള ഈ അവസരം എല്ലാ കുടുംബങ്ങളും പ്രയോജനപ്പെടുത്തണമെന്നു പിതാവ് ഓര്‍മപ്പെടുത്തി. കിക്കോഫില്‍ ഇടവകയിലെ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ മാര്‍ ജോയി ആലപ്പാട്ടിനെ ഏല്‍പിച്ചു.

രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, ആതിഥേയരായ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോന ഇടവക വികാരി റവ.ഫാ. കുര്യന്‍ നെടുവേലില്‍ചാലില്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബാബു മാത്യു, മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ സണ്ണി ടോം, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആന്റണി ചെറു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബ്രോങ്ക്‌സ് ഫൊറോന വികാരി റവ.ഫാ. ജോസ് കണ്ടത്തിക്കുടി സ്വാഗതവും അസി. വികാരി റോയിസണ്‍ മേനോലിക്കല്‍ നന്ദിയും പറഞ്ഞു.

കൈക്കാരന്മാരായ ടോം മുണ്ടയ്ക്കല്‍, ജോജോ ഒഴുകയില്‍, സാം കൈതാരത്ത്, സെക്രട്ടറി ബെന്നി മുട്ടപ്പള്ളില്‍, കോര്‍ഡിനേറ്റര്‍മാരായ ജോസ് മലയില്‍, ഷോഷി കുമ്പിളുവേലി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണിലുള്ള ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടലില്‍ വച്ചാണ് ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്. ബ്രോങ്ക്‌സ് ഇടവകയിലെ എല്ലാ കുടുംബങ്ങളും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്നു വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി