ചിത്ര അയ്യർ ന്യൂയോർക്ക് സിറ്റി ജൻഡർ ഇക്വിറ്റി കമ്മീഷൻ അംഗം
Saturday, November 17, 2018 2:52 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ജൻഡർ ഇക്വിറ്റി കമ്മീഷന്‍ അംഗമായി ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ ചിത്ര അയ്യരെ നിയമിച്ചു. സിറ്റി മേയര്‍ ബില്‍ ഡി. ബ്‌ളാസിയൊ, പ്രഥമ വനിത ഷിര്‍ലെയ്ന്‍ മെക്ക്‌റെ എന്നിവരാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2013 നവംബര്‍ മുതല്‍ സദൈ നാഷ് ലീഡര്‍ഷിപ്പ് പ്രോജക്ടിന്‍റെ ചുമതലയിലായിരുന്ന ചിത്ര ഉൾപ്പെടെ ആറംഗങ്ങളാണ് കമ്മീഷനിലുള്ളത്.സിറ്റിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള സിസ്ജൻഡര്‍ , ട്രാന്‍സ് ജൻഡര്‍ എന്നീ വിഭാഗങ്ങളില്‍പെടുന്ന സ്ത്രീകളുടെയും കുട്ടികളുടേയും പുനരധിവാസം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തി അവര്‍ക്കു വേണ്ടി പ്രത്യേക നിയനിര്‍മാണങ്ങളും പദ്ധതികളും രൂപപ്പെടുത്തുക എന്നതാണ് കമ്മീഷന്‍റെ ലക്ഷ്യം.

യുസി ബര്‍ക്കിലിയില്‍ നിന്നും ബിരുദവും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ലൊയില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുള്ള ചിത്ര, ന്യൂയോര്‍ക്കിലെ ആഫ്രിക്കന്‍ സര്‍വീസസ് കമ്മീഷന്‍ സ്റ്റാഫ് അറ്റോര്‍ണിയായും പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഏഷ്യന്‍ ഇമിഗ്രന്‍റ് സ്ത്രീ ജീവനക്കാരുടെ ആന്തോളനില്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മകളാണ് ചിത്ര.പുതിയ സ്ഥാന ലബ്ധിയില്‍ സന്തോഷം പ്രകടിപ്പിച്ച ചിത്ര, നിയമനം നല്‍കിയ ന്യൂയോര്‍ക്ക് മേയര്‍ക്കും പ്രഥമ വനിതക്കും പ്രത്യേകം നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ