മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Friday, December 7, 2018 8:55 PM IST
ഷിക്കാഗോ‌: മലങ്കര ഓര്‍ത്തഡോക്‌സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ നാലാം ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2019 ജൂലൈ 17 മുതല്‍ 20 വരെ (ബുധന്‍ - ശനി) ഷിക്കാഗോയിലെ ഡുറി ലെയിന്‍ കോണ്‍ഫറന്‍സ് സെന്റര്‍/ ഹില്‍ട്ടന്‍ സ്യൂട്ട് ഓക് ബ്രൂക്കില്‍ (Drury Lane Conference Center/ Hilton Suites Oakbrook) നടക്കും.

ഭദ്രാസനത്തിന്‍റെ പത്താം വാര്‍ഷികാഘോഷങ്ങളും കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടത്തും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഒരു കോണ്‍ഫറന്‍സ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഫാ. ഡാനിയേല്‍ ജോര്‍ജ്, ഡീക്കന്‍ ജോര്‍ജ് പൂവത്തൂര്‍, ഏബ്രഹാം വര്‍ക്കി (കണ്‍വീനേഴ്‌സ്), ഫാ. എബി ചാക്കോ, ഫാ. മാത്യൂസ് ജോര്‍ജ്, ഫാ. ഫിലിപ്പ് ഏബ്രഹാം (ഡയറക്‌ടേഴ്‌സ്), ജിമ്മി പണിക്കര്‍ (സെക്രട്ടറി), സിബില്‍ ചാക്കോ (ജോയിന്റ് സെക്രട്ടറി), കോശി ജോര്‍ജ് (ട്രഷറര്‍) എന്നിവരാണ് കോണ്‍ഫറന്‍സ് കമ്മിറ്റി ഭാരവാഹികളായി ചുമതല ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഫറന്‍സ് കമ്മിറ്റിയുടേയും ഭദ്രാസന കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചു. ആയിരത്തിൽപരം വിശ്വാസികള്‍ പങ്കെടുക്കുന്ന സമഗ്രമായ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ ഷിക്കാഗോയിലെ എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. വിവിധ കമ്മിറ്റികളില്‍ നിന്നും ആധ്യാത്മിക സംഘടനകളുടെ നേതൃനിരയില്‍ നിന്നും നൂറോളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഫറന്‍സിന്‍റെ തീം ആയി "Let us Rise up and Rebuild' (Nehemiah 2:18 തെരഞ്ഞെടുക്കുകവഴി വ്യക്തിജീവിതത്തിലേയും കുടുംബങ്ങളിലേയും സമൂഹത്തിലേയും തകര്‍ച്ചകളെ പുനര്‍നിര്‍മിക്കാന്‍ ഉതകുന്നതാകണം ഈ കോണ്‍ഫറന്‍സ് എന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുംവേണ്ടി പ്രഗത്ഭരായ പ്രഭാഷകരുടെ ക്ലാസുകള്‍ നടത്തുവാനും യോഗത്തില്‍ തീരുമാനമായി.

ഭദ്രാസനത്തിലെ എല്ലാ ഇടവകകളും കോണ്‍ഫറന്‍സിലും അതോടനുബന്ധിച്ചു നടത്തുന്ന പത്താം വാര്‍ഷികാഘോഷങ്ങളിലും പങ്കെടുക്കുകയും ഇതിന്‍റെ വിജയത്തിനായി എല്ലാ സഹായ സഹകരണങ്ങളും ചെയ്യണമെന്നും മെത്രാപ്പോലീത്ത അഭ്യർഥിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം