വിമാനത്തില്‍ സ്ത്രീയെ സ്പര്‍ശിച്ച ഇന്ത്യന്‍ യുവാവിനു യുഎസില്‍ 9 വര്‍ഷം തടവ്
Friday, December 14, 2018 2:40 PM IST
ഡിട്രോയിറ്റ് : വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ അടുത്ത സീറ്റിലിരുന്ന യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച കേസില്‍ ഇന്ത്യക്കാരനായ ഐടി ഉദ്യോഗസ്ഥന് ഒന്‍പത് വര്‍ഷം തടവ്. 2015ല്‍ എച്ച്1ബി വീസയില്‍ യുഎസില്‍ എത്തിയ പ്രഭു രാമമൂര്‍ത്തി (35)യാണ് ശിക്ഷിക്കപ്പെട്ടത്. ഡിസംബര്‍ 13ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ടെറസ് ബെര്‍ഗ് ആണ് ശിക്ഷ വിധിച്ചത്.

ലാസ്!വേഗാസില്‍ നിന്നും ഡിട്രോയിറ്റിലേക്കു പറന്ന വിമാനത്തില്‍ പ്രഭു രാമമൂര്‍ത്തിയും ഭാര്യയും തൊട്ടടുത്തുള്ള സീറ്റുകളില്‍ ആയിരുന്നു ഇരുന്നത്. പ്രഭുവിന്റെ അടുത്ത സീറ്റില്‍ 22 വയസ്സുള്ള മറ്റൊരു യുവതിയും ഇരുന്നിരുന്നു. പ്രഭുവും യുവതിയും ഉറത്തിലായിരുന്നുവെന്നും തന്റെ കൈ യുവതിയെ സ്പര്‍ശിച്ചോ എന്നറിയില്ലെന്നും പ്രഭു പറയുന്നു. എന്നാല്‍, പ്രഭു മനപൂര്‍വമാണ് സ്പര്‍ശിച്ചതെന്ന് യുവതിയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.

വിമാനം ഇറങ്ങുന്നതിന് മുന്‍പ് യുവതി തന്റെ പുരുഷ സുഹൃത്തിന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് സന്ദേശം അയച്ചിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ പൊലീസ് എത്തി പ്രഭുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. വിമാനത്തില്‍ സഹയാത്രികയെ സ്പര്‍ശിച്ചത് ലൈംഗിക പീഡനമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കയ്യിലും കാലുകളിലും വിലങ്ങുവച്ച് കോടതിവിധിക്കു ശേഷം പൊലീസ് പ്രഭുവിനെ കൊണ്ടുപോകുമ്പോള്‍ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. പ്രോസിക്യൂഷന്‍ 130 മാസത്തെ തടവാണ് ശിക്ഷയായി ആവശ്യപ്പെട്ടത്. കോടതി 108 മാസം തടവും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ നാടുകടത്താനുമാണ് ഉത്തരവിട്ടത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍