മാഗിന്റെ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയം; ഹൂസ്റ്റണ്‍ നൈറ്റ്‌സ് എ ടീം ചാമ്പ്യന്മാര്‍
Tuesday, December 18, 2018 3:52 PM IST
ഹൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ വോളീബോള്‍ ടൂര്‍ണമെന്റിനു ആവേശോജ്വലമായ സമാപനം.

'ഹൂസ്റ്റണ്‍ നൈട്‌സ് എ ടീം ഡാളസില്‍ നിന്നെത്തിയ 'തങ്കച്ചന്‍' ടീമിനെ പരാജയപ്പെടുത്തി രാജേഷ് വര്‍ഗീസ് (ആര്‍.വി.എസ് ഇന്‍ഷുറന്‍സ്) സംഭാവന ചെയ്ത പ്രഥമ എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. റജി കുര്യന്‍ സംഭാവന ചെയ്ത റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിങ്ങ് ട്രോഫി 'ടീം തങ്കച്ചനും' (ഡാളസ്) കരസ്ഥമാക്കി.

ടൂര്‍ണമെന്റ് ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ഹെന്റി പോള്‍ (അബാക്കസ് ട്രാവല്‍സ്) ജേതാക്കളായ 'ഹൂസ്റ്റണ്‍ നൈട്‌സ് എ' ടീം ക്യാപ്റ്റന്‍ സാജന് ട്രോഫി സമ്മാനിച്ചപ്പോള്‍ റജി കുര്യന്‍ റണ്ണുര്‍ അപ്പിനുള്ള ട്രോഫി 'ടീം തങ്കച്ചന്‍' (ഡാളസ്) ക്യാപ്റ്റന്‍ നെല്‍സണ് സമ്മാനിച്ചു.

ഇതോടൊപ്പം ടീമുകള്‍ക്കും കളിക്കാര്‍ക്കും ക്യാഷ് പ്രൈസുകളും വ്യക്തിഗത ട്രോഫികളും നല്‍കി. ആധുനിക സൗകര്യങ്ങളോടെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടനുബന്ധിച്ചു നിര്‍മിച്ചിട്ടുള്ള ട്രിനിറ്റി സെന്ററില്‍ കായിക പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു.

ഹൂസ്റ്റണ്‍ നൈട്‌സ് 'എ' ടീം, ടീം തങ്കച്ചന്‍ (ഡാളസ്) എന്നീ ടീമുകളോടൊപ്പം ഹൂസ്റ്റണിലെ പ്രമുഖ വോളീബോള്‍ ടീമുകളായ ക്‌നാനായ ടീം, പെയര്‍ലാന്‍ഡ് ബ്ലോക്ക്ബസ്റ്റെര്‍സ്, ഹൂസ്റ്റണ്‍ നൈട്‌സ് 'ബി', ഹൂസ്റ്റണ്‍ ബ്രദര്‍സ് ടീമുകള്‍ ഉള്‍പ്പടെ ആറു ടീമുകളായിരുന്നു പ്രഥമ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്.

മാഗിന്റെ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്, സെക്രട്ടറി ബാബു മുല്ലശ്ശേരില്‍, ട്രഷറര്‍ ഏബ്രഹാം തോമസ്,ജോ. ട്രഷറര്‍ രാജന്‍ യോഹന്നാന്‍, മുന്‍ പ്രസിഡന്റുമാരായ തോമസ് ചെറുകര, ജയിംസ് ജോസഫ്, ഏബ്രഹാം ഈപ്പന്‍, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ.സാം ജോസഫ് തുടങ്ങിവയരുടെ സാന്നിധ്യവും ടൂര്‍ണമെന്റിനു മാറ്റുകൂട്ടി.

ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും കായിക പ്രേമികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ വര്‍ഷവും വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടത്തിവരുന്നുണ്ടെന്നു മാഗ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റജി കോട്ടയം പറഞ്ഞു. ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് റജി കോട്ടയത്തിന്റെ നേതൃത്വത്തില്‍ അലക്‌സ് പാപ്പച്ചന്‍, തോമസ് ഇടിക്കുള തുടങ്ങിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി