ജനകീയ ചോദ്യങ്ങളുടെ ഉത്തരം - ഉണ്ണി ബാലകൃഷ്ണൻ
Thursday, January 10, 2019 5:30 PM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമരത്‌ന പുരസ്‌കാരം നേടിയ ഉണ്ണി ബാലകൃഷ്ണന്‍ കേരളത്തിലെ ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിന് പുതിയ ശൈലിക്കു തുടക്കമിട്ടവരില്‍ ഒരാളാണ്. മാതൃഭൂമി ചാനലിന്‍റെ ചീഫ് ഓഫ് ന്യൂസ് ആയ ഉണ്ണിയുടെ "ചോദ്യം ഉത്തരം' എന്ന അരമണിക്കൂര്‍ പരിപാടി വന്‍ ജനപ്രീതി നേടിയിരുന്നു.

1994ലാണ് കലാകൗമുദിയില്‍ സബ് എഡിറ്ററായി ഉണ്ണി പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 96ല്‍ ഏഷ്യാനെറ്റിലെത്തിയ അദ്ദേഹം 97ല്‍ ഡല്‍ഹിയില്‍ ഏഷ്യാനെറ്റിന്‍റെ റിപ്പോര്‍ട്ടറായി. 2010 വരെ 12 വര്‍ഷം വിവിധ സംഭവങ്ങള്‍ ഏഷ്യാനെറ്റിനായി റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ഗില്‍ യുദ്ധം, പാര്‍ലമെന്‍റ് ആക്രമണം, മുംബൈ ഭീകരാക്രമണം, ഡല്‍ഹി സ്‌ഫോടന പരമ്പര തുടങ്ങിയ റിപ്പോര്‍ട്ടുകളില്‍ മലയാളികള്‍ ഏഷ്യാനെറ്റില്‍നിന്നു കേട്ടിരുന്ന ശബ്ദം ഉണ്ണിയുടേതായിരുന്നു.

2010ലാണ് പോയിന്‍റ് ബ്ലാങ്ക് എന്ന പരിപാടി ഏഷ്യാനെറ്റില്‍ തുടങ്ങുന്നത് . പല പ്രധാനപ്പെട്ട സംഭവങ്ങളിലേയും വാര്‍ത്തയിലെ വ്യക്തികളെ പോയിന്‍റ് ബ്ലാങ്കിലൂടെ 'ചോദ്യംചെയ്തു'.

2002ലെ സാര്‍ക്ക് സമ്മേളനം, 2005ലെ ഇന്ത്യ -ഫ്രാന്‍സ് ന്യൂക്ലിയാര്‍ ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര ഉച്ചകോടി എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2016ലെ ഏറ്റവും മികച്ച അഭിമുഖത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, 2014 ല്‍ ചലചിത്ര അക്കാദമി പുരസ്‌കാരം, ദുബൈ ഏഷ്യ വിഷന്‍ അവാര്‍ഡ്, അബുദാബി കല അവാര്‍ഡ്, ഡല്‍ഹി മലയാളി അവാര്‍ഡ്, ഗാന്ധി ഭവന്‍ പുരസ്‌കാരം, തിക്കുറിശി അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരന്‍ വേണു ബാലകൃഷ്ണനും മാതൃഭൂമിയില്‍ ഉണ്ണിയോടൊപ്പമുണ്ട്.