വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയം നാല്പതാം വാർഷിക നിറവിൽ
Saturday, January 12, 2019 5:07 PM IST
ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളി സ്ഥാപിതമായതിന്‍റെ നാല്പതാം വര്‍ഷം പൂര്‍ത്തിയായി. ഫാ. ജോണ്‍ ജേക്കബിന്‍റെ (കാലം ചെയ്ത പുണ്യശ്ലോകനായ യൂഹാനോന്‍ മോര്‍ ഫിലെക്‌സിനോസ് മെത്രാപോലീത്ത) നേത്രത്വത്തില്‍ ന്യൂ യോര്‍ക്കിലുള്ള ഒന്‍പതു കുടുംബങ്ങള്‍ ചേര്‍ന്നാണ് 1979 ജനുവരിയില്‍ ഈ ഇടവക സ്ഥാപിച്ചത്.

1979 ജനുവരി 14 ന് ഇടവക മെത്രാപോലീത്ത കാലം ചെയ്ത പുണ്യശ്ലോകനായ യേശു മോര്‍ അത്താനോസ്യോസ് മെത്രാപോലീത്ത ആണ് ന്യൂ യോര്‍ക്ക് സിറ്റിയില്‍ ഉള്ള ഫോര്‍ട്ട് ജോര്‍ജ് പ്രെസ്‌ബെറ്ററിന്‍ ചര്‍ച്ച് ഹാളില്‍ ഇടവകയുടെ പ്രഥമ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. അന്നേ ദിവസം 18 കുടുംബങ്ങള്‍ കൂടി ഇടവകയില്‍ അംഗത്വം എടുത്തു. ആദ്യ കാലഘട്ടത്തില്‍ ഫാ. ജോണ്‍ ജേക്കബ്, ഫാ പി. എം. പുന്നൂസ് എന്നിവര്‍ ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് . ഫാ. ജോര്‍ജ് കൊച്ചേരില്‍ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു.

1979 സെപ്റ്റംബര്‍ 9 നു കിഴക്കിന്‍റെ കാതോലിക്കാ പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവാ ദേവാലയത്തിന്‍റെ കൂദാശ നിര്‍വഹിച്ചു. പിന്നീട് സൗകര്യാര്‍ഥം ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി പ്രദേശങ്ങളില്‍ മറ്റു സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലങ്ങളും ആരംഭിച്ചു.

1982 കാലഘട്ടത്തില്‍ ഫാ. ഡേവിഡ് ചെറുതോട്ടില്‍ ദേവാലയത്തിന്‍റെ വികാരിയായി സേവനം അനുഷ്ഠിച്ചു. 1983 മേയ് മാസത്തില്‍, തന്റെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി പരിശുദ്ധ ഇഗ്‌നാത്തിയോസ് സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ദേവാലയം സന്ദര്‍ശിക്കുകയും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ കെ. എം. സൈമണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഡോ. ഏലിയാസ് അരമത്ത്, വന്ദ്യ ഐസക് പൈലി കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ ഈപ്പന്‍ എഴേമാലില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ ഇടവകയ്ക്ക് ആത്മീയ നേത്രത്വം നല്‍കുകയും വൈറ്റ് പ്ലെയിന്‍സില്‍ സ്വന്തമായി ഒരു ആരാധാനാലയം വാങ്ങിക്കുകയും ചെയ്തു. ഇപ്പോള്‍ ന്യൂ യോര്‍ക്കില്‍ ബ്രോണ്‍സ്‌വില്ലില്‍ ആണ് ദേവാലയത്തിന്‍റെ ശുശ്രൂഷകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫാജോസി എബ്രഹാം, ഫാ വര്‍ഗീസ് പോള്‍, ഗീവര്‍ഗീസ് പുത്തൂര്‍കുടിലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബിജോ മാത്യു എന്നിവരും ഈ ഇടവകയില്‍ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മലങ്കര അതിഭദ്രാസനത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ദേവാലയത്തില്‍ എല്ലാ വര്‍ഷവും നടത്താറുള്ള എട്ടുനോമ്പ് പെരുന്നാള്‍ വളരെ ചരിത്ര പ്രസിദ്ധി ആര്‍ജ്ജിട്ടുള്ളതാണ്.

ഇടവകയുടെ സ്ഥാപന പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഭദ്രാസന മെത്രാപ്പോലീത്ത എല്‍ദോ മോര്‍ തീത്തോസിന്‍റെ അനുഗ്രഹ ആശീര്‍വാദങ്ങളോടുകൂടി ജനുവരി 13 ന് തുടക്കം കുറിക്കും. വികാരി ഫാ. മത്തായി പുതുക്കുന്നത്തിന്‍റെ പ്രധാന കാര്‍മ്മികത്വത്തിൽ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പരിശുദ്ധ മര്‍ത്തമറിയം മാതാവിന്‍റെ മധ്യസ്ഥതയില്‍ അഭയപ്പെട്ടു പെരുന്നാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.

വിവരങ്ങള്‍ക്ക്: Fr. Mathai Varkey Puthukkunnathu, Vicar & President - (678) 628-5901
Mr. Jobin Alias, Vice President - (914) 479-2931, Mr. Vimal Joy, Secretary - (914) 557-7762
Mr. Reji Paul, Treasurer- (845) 269-7559

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം