ന്യൂയോർക്കിൽ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം അവിസ്മരണീയം
Saturday, January 12, 2019 5:56 PM IST
ന്യുയോർക്ക്: ജോയിന്‍റ് കൗൺസിൽ ഓഫ് ചർച്ചസ് റോക് ലാന്‍റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 19 -ാമത് എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി.

ഓറഞ്ച്ബർഗ് സെന്‍റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന ആഘോഷ പരിപാടികൾ പ്ലീക്സ്കിൽ സെന്‍റ് ക്രിസ്റ്റഫർ റോമൻ കത്തോലിക്കാ വികാരിയും മുൻ പുഷ്പഗിരി മെഡിക്കൽ കോളജ് ഡയറക്ടറുമായ ഫാ.റിജോ പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റവ.സജു ബി.ജോൺ അധ്യക്ഷത വഹിച്ചു.

മാർത്തോമ്മ, ഓർത്തഡോക്സ്, സി എസ് ഐ, യാക്കോബായ, കത്തോലിക്ക തുടങ്ങി വിവിധ സഭാവിഭാഗങ്ങളിൽ നിന്ന് ഒട്ടനവധി വിശ്വാസികൾ പങ്കെടുത്ത ആഘോഷ പരിപാടികളിൽ വിവിധ ഇടവകകളുടെ ഗായകസംഘങ്ങൾ ആലപിച്ച കരോൾ ഗാനങ്ങൾ, യൂത്ത് ക്വയർ ബാൻഡിന്‍റെ വാദ്യോപകരണ സംഗീതം, സെന്‍റ് ജോൺസ് ഓർത്തഡോക്സ് ഇടവക അവതരിപ്പിച്ച തിരുജനന നാടകം എന്നിവ അവിസ്മരണീയമായി.

ഫാ.ഡോ.രാജു വർഗീസ്, ഫാ.ഡോ.വർഗീസ് എം.ഡാനിയേൽ, ഫാ.അഗസ്റ്റിൻ എ.മംഗലത്ത്, ഫാ.മാത്യു തോമസ്, ഫാ.തോമസ് മാത്യു, സാൻ നൈനാൻ, റവ.സന്തോഷ് ജോസഫ്, റവ.പോൾ രാജൻ, പ്രസാദ് ഈശോ, ജുവാൻ പണിക്കർ, ആനി സാമുവേൽ, ജേക്കബ് ജോർജ്, ഷൈൻ ജേക്കബ് (സെക്രട്ടറി), അജിത് വട്ടശേരിൽ (ജോയിന്‍റ് സെക്രട്ടറി), സജി എം.പോത്തൻ (ട്രഷറർ) എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷാജി രാമപുരം