ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ക്രിസ്മസ് ന്യൂഇയര്‍ കുടുംബ സംഗമം വര്‍ണാഭമായി
Friday, January 18, 2019 12:26 PM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് (എംടിഎ) 207 ST. O/H Shop ന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഫാമിലി നൈറ്റ് ഈവര്‍ഷം 2019 ജനുവരി 12നു ശനിയാഴ്ച മന്‍ഹാസെറ്റ് ഹില്‍സിലുള്ള ക്ലിന്റണ്‍ ജി. പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വച്ചു ആഘോഷിച്ചു.

സജി ചെറിയാന്റെ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍, ജോണ്‍ ജോര്‍ജ് ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി. പിന്നീട് ആശംസാ പ്രസംഗം നടത്തിയ ജോസഫ് പൊന്നോലി (ടിഡബ്ല്യുയു എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍) ഇന്ന് തൊഴില്‍മേഖലയില്‍ നാം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവിടെ യൂണിയന്റെ ആവശ്യകതയെക്കുറിച്ചും, പ്രസക്തിയെക്കുറിച്ചും ഓര്‍മ്മിപ്പിച്ചതോടൊപ്പം കൂടുതല്‍ മലയാളികള്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നുവരണമെന്നും അഭ്യര്‍ഥിച്ചു. ജോര്‍ജ് ജോസഫ് (നാസാ കൗണ്ടി ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍) ആദ്യാവസാനം പ്രോഗ്രാമില്‍ പങ്കെടുക്കുകയും ആശംസ അറിയിക്കുകയും ചെയ്തു.

വൈവിധ്യപൂര്‍ണമായ. കലാപരിപാടികളാല്‍ സമ്പുഷ്ടമായ മനോഹര സന്ധ്യയ്ക്ക് സജി ചെറിയാന്‍, സാം ചാക്കോ, ആല്‍ബര്‍ട്ട്, ജോണ്‍ ജോര്‍ജ് എന്നിവരുടെ ഗാനങ്ങള്‍ കൂടുതല്‍ മിഴിവേകി. 'ഫാംജാം' എന്ന ഗാനമേള ട്രൂപ്പിന്റെ പല ഭാഷകളിലുള്ള മനോഹരവും ഇമ്പമേറിയതുമായ ഗാനങ്ങള്‍ ഈവര്‍ഷത്തെ ഫാമിലി നൈറ്റിനു കൂടുതല്‍ മിഴിവേകി.

ഈവര്‍ഷത്തെ ഫാമിലി നൈറ്റിന്റെ കണ്‍വീനറായി പ്രവര്‍ത്തിച്ച സെല്‍വിന്‍ ഹെന്റി, ശബ്ദവും വെളിച്ചവും നല്‍കിയ അനൂപ്, സ്റ്റേജ്, ഭക്ഷണം എന്നിവ ക്രമീകരിച്ച ജോഷ്വാ ഗീവര്‍ഗീസ്, ജോര്‍ജ് മാത്യു, പ്രോഗ്രാം അവതരിപ്പിച്ച കലാകാരന്മാര്‍, ഫാംജാം ഗാനമേള ട്രൂപ്പ്, സന്ദേശം നല്‍കിയ ജോണ്‍ ജോര്‍ജ്, ഓഡിറ്റോറിയം ലഭിക്കാന്‍ സഹായിച്ച മാമ്മന്‍ വര്‍ക്കി, ഭക്ഷണം ക്രമീകരിച്ച സന്തൂര്‍ റെസ്റ്റോറന്റ്, ഈ സന്ധ്യയെ മനോഹരമാക്കാന്‍ സഹായിച്ച എം.സി. മറീന ജോഷ്വാ, 2019ലെ ഫാമിലി നൈറ്റിലേക്ക് കടന്നുവന്ന കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഫാമിലി നൈറ്റ് കമ്മിറ്റിയുടെ പേരിലുള്ള നന്ദിയും കടപ്പാടും സി.എസ് ചാക്കോ അറിയിച്ചു.

റെജി ഫിലിപ്പ്, ജിസ്, ജോണ്‍ ജോര്‍ജ്, മാമ്മന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ ആലപിച്ച ഇന്ത്യന്‍ ദേശീയഗാനത്തോടെ ഈവര്‍ഷത്തെ കുടുംബ സംഗമനിശയ്ക്ക് തിരശീല വീണു. കടന്നുവന്ന എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രോഗ്രാമുകള്‍ക്ക് സി.എസ് ചാക്കോ നേതൃത്വം കൊടുത്തതോടൊപ്പം മിസ്സിസ് റെനി ജോഷ്വാ എം.സിയായി പ്രവര്‍ത്തിച്ചു.
സി.എസ് ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം