സെന്റ് ജൂഡ് ഇടവകയ്ക്ക് ഒരു പുതിയ ദേവാലയം
Friday, January 18, 2019 12:27 PM IST
വാഷിങ്ങ്ടണ്‍ ഡിസി ക്യാപിറ്റല്‍ ഏരിയയിലെ നോര്‍തേണ്‍ വിര്‍ജീനിയ സിറോ മലബാര്‍ സമൂഹത്തിന്റെ ചിരകാല അഭിലാഷം പൂവണിയുന്നു.നോര്‍തേണ്‍ വിര്‍ജീനിയ സിറോമലബാര്‍ കാത്തലിക് മിഷന്‍ സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിന്റെ കൂദാശാകര്‍മം ഫെബ്രുവരി 16 നു രാവിലെ പത്തിനു ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത് നിര്‍വഹിക്കും.

നോര്‍ത്തേണ്‍ വിര്‍ജീനിയ പ്രദേശത്തെ 200 ലധികം വരുന്ന കുടുംബങ്ങളാണ് ഈ ദേവാലയത്തിന്റെ കീഴില്‍ വരുന്നത്. ഷാന്റിലി ലഫായേറ്റെ ഡ്രൈവില്‍ 23,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കെട്ടിട സമുച്ചയത്തില്‍ ദേവാലയം കൂടാതെ അസംബ്ലി ഹാള്‍, മ്യൂസിക് റൂം, ക്ലാസ് മുറികള്‍, ഓഫീസ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട് .

സെന്റ് ജൂഡ് ഇടവക വികാരിമാരുടെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്യത്തില്‍ ഇടവക സമൂഹം കഴിഞ്ഞ കുറേ നാളുകളായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് ഈ ദേവാലയം യഥാര്‍ത്ഥ്യമാകുന്നത്. 2006 ല്‍ ആണ് ഈ പ്രദേശത്തു മാസത്തില്‍ ഒരിക്കല്‍ സീറോ മലബാര്‍ കുര്‍ബാനക്ക് തുടക്കം കുറിക്കുന്നത്. 2010 ജൂലൈ മാസം മുതല്‍ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലിയും വേദപാഠ ക്ലാസുകളും ആരംഭിച്ചു. ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: മാത്യു പുഞ്ചയില്‍ ആണ് ഈ കാലയളവില്‍ ശുശ്രുഷകള്‍ക്കു നേതൃത്വം വഹിച്ചിരുന്നത്.

2011 ജൂലൈ മാസത്തില്‍ സെന്റ് ജൂഡ് സീറോ മലബാര്‍ കാത്തോലിക് മിഷന്‍ ഓഫ് നോര്‍ത്തേണ്‍ വിര്‍ജീനിയ ഒരു സ്വതന്ത്ര മിഷനായി ഉയര്‍ത്തകയും ഫാ: ജോസഫ് എളമ്പാറയെ പ്രഥമ മിഷന്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. 2012 ഏപ്രില്‍ മാസത്തില്‍ ഫാ: ടിജോ മുല്ലക്കര പൂര്‍ണ സമയ മിഷന്‍ ഡയറക്ടറായി ചുമതലയേല്‍ക്കുകയും മൂന്നു വര്‍ഷത്തിലേറെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.2015 സെപ്റ്റംബര്‍ മുതല്‍ ഫാ: ജസ്റ്റിന്‍ പുതുശേരി ഇടവക വികാരിയായി നേതൃത്വം നല്‍കി വരുന്നു.

ഷാന്‍ന്റിലി സെന്റ് തിമോത്തി കാത്തലിക് ചര്‍ച്ച്,സെന്റ് ആന്‍ഡ്രൂസ് ലൂഥറന്‍ ചര്‍ച്ച്,സെന്റ് ആന്‍ഡ്രൂസ് കാത്തലിക് ചര്‍ച്ച്,സെന്റ് വെറോണിക്ക ചര്‍ച്ച്,സെന്റ് തെരേസ ചര്‍ച്ച്, എന്നീ ദേവാലയങ്ങളിലാണ് ഈ കാലയളവില്‍ ദിവ്യബലി അര്‍പ്പണവും മറ്റും നടന്നു വന്നിരുന്നത്.നാമ മാത്രമായ അംഗങ്ങളുമായി തുടങ്ങിയ സമൂഹം ഇന്ന് വാഷിംഗ്ടണ്‍ ഡി.സി ഏരിയായിലെ ഏറ്റവും വലിയ സിറോ മലബാര്‍ സമൂഹമായി വളര്‍ന്നു കഴിഞ്ഞു.

ഇപ്പോള്‍ 180 ലധികം കുട്ടികള്‍ ഞായറാഴ്ച്ചകളില്‍ വേദപാഠ ക്ലാസുകളില്‍ സംബന്ധിക്കുന്നുണ്ട്.സ്വന്തമായ ദേവാലയം യാഥാര്‍ത്ഥ്യമാകുന്നതോടെ വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് ഈ സമൂഹം കടക്കുകയാണ്.

ഷിക്കാഗോ അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടും അതിരൂപത കൂരിയ അംഗങ്ങളും മറ്റു ഇടവകകളില്‍ നിന്നുള്ള വൈദികരും, സമീപ പ്രദേശത്തെ മറ്റു രൂപത വൈദികരും കൂദാശ കര്‍മത്തില്‍ പങ്കെടുക്കുമെന്ന് സെന്റ് ജൂഡ് സിറോ മലബാര്‍ ഇടവക വികാരി ഫാ.ജസ്റ്റിന്‍ പുതുശേരി അറിയിച്ചു.

ഇടവക കൈക്കാരന്മാരായ സോണി കുരുവിള, റോണി തോമസ്, മറ്റു പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്യത്തില്‍ കൂദാശ കര്‍മത്തിന്നുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം