ഐഎന്‍എഐ ഹോളിഡേ ആഘോഷങ്ങള്‍ മനോഹരമായി
Friday, January 18, 2019 12:28 PM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 13നു സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ വച്ചു നടന്നു. 2019 -20 ലേക്കുള്ള ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടന്നു.

പ്രസിഡന്റ് ബീന വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം അലോനാ ജോര്‍ജിന്റെ പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ചു. അനീഷാ മാത്യുവിന്റെ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനുശേഷം ലിസി പീറ്റേഴ്‌സ് (ട്രഷറര്‍) ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ബീന തന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഏവര്‍ക്കും നന്ദി പറഞ്ഞതോടൊപ്പം പുതിയ ഭാരവാഹികള്‍ക്കുള്ള അഭിനന്ദനങ്ങളും അറിയിച്ചു.

സെക്രട്ടറി സുനീന ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫഷണല്‍ കോണ്‍ഫറന്‍സുകള്‍, ഹെല്‍ത്ത് ഫെയര്‍, സി.പി.ആര്‍ ക്ലാസുകള്‍, ചാരിറ്റി എന്നിവയും മറ്റു നേട്ടങ്ങളും റിപ്പോര്‍ട്ടില്‍ വിശദമാക്കി. ലിസി പീറ്റേഴ്‌സ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ആനി അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മേഴ്‌സി കുര്യാക്കോസ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്നുള്ള പരിപാടികള്‍ക്ക് ഷിജി അലക്‌സ്, റെജീനാ സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിമി ജെസ്റ്റോ ജോസഫ് എം.സിയായിരുന്നു. റാണി കാപ്പന്‍ ഏവര്‍ക്കും കൃതജ്ഞത അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുന്നതിനുള്ള ആശംസ പുതിയ ഭാരവാഹികള്‍ക്ക് അര്‍പ്പിക്കുന്നതോടൊപ്പം എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നതായും റാണി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ദേശീയഗാനാലാപനത്തോടെ പരിപാടികള്‍ പര്യവസാനിച്ചു.
ഷിജി അലക്‌സ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം