ലോകം നന്നാകുന്നത് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോഴാണ്: ഫാ. ഡേവിസ് ചിറമ്മൽ
Saturday, January 19, 2019 4:44 PM IST
വടക്കഞ്ചേരി: ഫോമായോളം പ്രവാസികള്‍ വളരണം, ലോകം നന്നാകുന്നത് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാൻ തുടങ്ങുമ്പോഴാണെന്ന് ഫാ. ഡേവിസ് ചിറമ്മൽ. പാലക്കാട്‌ വടക്കഞ്ചേരിയിൽ ഫോമായും, ലെറ്റ് ദെം സ്മയില്‍ എഗൈനും (LTSA) സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ കൂടിയായ അദ്ദേഹം.

ഫോമാ ചാരിറ്റി ചെയർമാൻ ജിജു കുളങ്ങരയെയും, LTSA സ്ഥാപകൻ ജോൺ ഡബ്യു വർഗീസിനെയും അദ്ദേഹത്തിന്‍റെ ടീമിനെയും പ്രത്യേകം അഭിനന്ദിച്ചു. ക്യാമ്പിൽ ഏറെനേരം ചിലവിട്ട അദ്ദേഹം രോഗികളോട്‌ വിവരങ്ങൾ ആരായുകയും ക്യാമ്പിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സേവനപ്രവർത്തനങ്ങളെ പറ്റി വിലയിരുത്തുകയും ചെയ്തു. ഇത്ര വിപുലമായ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയെന്നത് ഒരു വലിയ നന്മ ചെയ്യന്നതിന്‍റെ ഭാഗമായേ കാണാനാവു എന്ന് ക്യാമ്പിലെ എല്ലാവരെയും അഭിനന്ദിച്ചുകൊണ്ടു ഫാ. ചിറമ്മൽ പറഞ്ഞു.

ജനുവരി 12 മുതൽ 18 വരെ കേരളത്തിലെ മൂന്നു ജില്ലകളിലായി നടന്നു വന്ന സൗജന്യ മെഡിക്കൽ സർജറി ക്യാമ്പുകൾക്ക് എല്ലാവിധ സഹായങ്ങളും നൽകിയ അദ്ദേഹം സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഫോമാ എക്സിക്യൂട്ടീവിനെയും ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ച ശേഷമാണ് മടങ്ങിയത്.

റിപ്പോർട്ട്: പന്തളം ബിജു തോമസ്‌