ഗുഡ്സമരിറ്റൻ പുരസ്കാരം ഹൂസ്റ്റൺ റാന്നി അസോസിയേഷന്
Saturday, January 19, 2019 5:54 PM IST
റാന്നി: കേരളത്തെ നടുക്കിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച റാന്നി ജനതക്ക് സഹായ ഹസ്തവുമായി ഓടിയെത്തിയ പ്രവാസി മലയാളി സംഘടനയായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജീവകാരുണ്യ സംഘടനയായ ഗുഡ് സമരിറ്റൻ ചാരിറ്റബിൾ ആൻഡ് റിലീഫ് സൊസൈറ്റി ഏർപ്പെടുത്തിയ ഗുഡ് സമരിറ്റൻ പുരസ്കാരം ലഭിച്ചു.

ജനുവരി 13 ന് ചെത്തോങ്കര റോളക്സ് ഹാളിൽ നടന്ന പ്രളയാനന്തര സ്നേഹ സംഗമത്തിൽ എച്ച്ആർഎ പ്രസിഡന്‍റും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമായ തോമസ് മാത്യു (ജീമോൻ റാന്നി) പുരസ്കാരം രാജു ഏബ്രഹാം എംഎൽഎയിൽനിന്നും ഏറ്റുവാങ്ങി.

കേരള ചരിത്രത്തിൽ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ലാത്ത വിധം കനത്ത പേമാരിയും, തുടർന്നുള്ള ജലപ്രളയവും സാരമായി ബാധിച്ച റാന്നി നിവാസികൾക്ക് സ്വാന്തനമേകാൻ ഓടിയെത്തിയ നിരവധി സംഘടനകളും അവസരത്തിനൊത്ത് ഉയർന്നുവെങ്കിലും ഹൂസ്റ്റൺ റാന്നി അസോസിയേഷന്‍റെ പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നുവെന്ന് ചടങ്ങിൽ പ്രസംഗിച്ച രാജു ഏബ്രഹാം എംഎൽഎ അഭിപ്രായപ്പെട്ടു.

ചാരിറ്റി ആൻഡ് റിലീഫ് സൊസൈറ്റി ചെയർമാൻ റവ. ഡോ. ബെൻസി മാത്യു മാത്യു കിഴക്കേതിലിന്‍റെ അധ്യക്ഷതയിൽ ചേർന്ന സ്നേഹ സംഗമത്തിൽ റവ. കൊച്ചു കോശി അബ്രഹാം, റിങ്കു ചെറിയാൻ, അഡ്വ. എബ്രഹാം മാത്യു പനച്ചമൂട്ടിൽ, ആലിച്ചൻ ആറ്റാന്നിൽ, ബെന്നി പുത്തൻപറമ്പിൽ, മേഴ്സി പഠിയത്ത്, ജേക്കബ് മാത്യു വാണിയേടത്ത്, റജി പൂവത്തൂർ, മിന്റു പി. ജേക്കബ് (മനോരമ), കെ. എസ്. ഫിലിപ്പോസ്, ബാബു കൂടത്തിനാൽ, ബിജു സഖറിയ, അഡ്വ. വിൽസൻ വേണാട്ട് എന്നിവർ പ്രസംഗിച്ചു. എച്ച്ആർഎ പ്രസിഡന്‍റ് ജീമോൻ റാന്നിക്ക് ഫ്രണ്ട്സ് ഓഫ് ഈട്ടി ചുവട് പുരസ്കാരവും നൽകി. എച്ച്ആർഎ സ്ഥാപക പ്രസിഡന്‍റ് കെ. എസ്. ഫിലിപ്പോസ് ഉൾപ്പെടെ സംഘടനാ നേതാക്കളെ ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ