മലങ്കര അതിഭദ്രാസന നോര്‍ത്ത് ഈസ്റ്റ് ദേവാലയങ്ങള്‍ സംയുക്തമായി ക്രിസ്മസ്- പുതുവത്സരം ആഘോഷിച്ചു
Tuesday, January 22, 2019 12:07 PM IST
ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ്റ് റീജനിലെ ദേവാലയങ്ങളുടെ സംയുക്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ മലങ്കര ടിവിയുടെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂജേഴ്‌സിയിലെ പരാമസിലുള്ള മോര്‍ അപ്രേം സെന്ററിലെ സിറിയക് കമ്മ്യൂണിറ്റി ഹാളില്‍ 2019 ജനുവരി അഞ്ചാം തീയതി നടന്നു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഭദ്രാസന മെത്രാപോലീത്ത അഭി. യല്‍ദൊ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു.

മലങ്കര ടിവി ഡയറക്ടര്‍ സാജു പൗലോസ് മാരോത്ത് ഏവര്‍ക്കും സ്വാഗതമാശംസിച്ചു. മുഖ്യാതിഥി കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും ഇന്ത്യയിലെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത ക്രിസ്മസ് പുതുവത്സര സന്ദേശം നല്‍കി. ഭദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച് സെക്രട്ടറി റവ. ഡോ. ജെറി ജേക്കബ് എം.ഡി, ജോയിന്റ് സെക്രട്ടറി റവ. ഫാ. ഡോ. രഞ്ജന്‍ മത്തായി, ട്രഷറര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങളായ റവ. ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത്, റവ. ഫാ. ആകാശ് പോള്‍, ജീമോന്‍ ജോര്‍ജ്, ജയിംസ് ജോര്‍ജ് എന്നിവരും പങ്കെടുത്തു.

രാവിലെ പത്തുമുതല്‍ ആരംഭിച്ച ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു. സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ്, മര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍, ക്ലര്‍ജി അസ്സോസിയേഷന്‍, മോര്‍ ഗ്രീഗോറിയോസ് സിറിയക് ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് അസോസിയേഷന്‍ എന്നീ ഭക്തസഘടനകളും വിവിധ ഇടവകകളിലെ ഗായകസംഘങ്ങളും വൈവിധ്യമാര്‍ന്ന ക്രിസ്മസ് പരിപാടികള്‍ അവതരിപ്പിച്ചു. പരിപാടികളുടെ എംസി.മാരായി നിഷ അഗസ്റ്റിന്‍, അനു സാജു, ടിനു കോശി എന്നിവര്‍ പ്രവര്‍ത്തിച്ചു.

ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ക്കാന്‍ സഹകരിച്ച ഏവര്‍ക്കും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് സെക്രട്ടറി രാജു എബ്രഹാം നന്ദി അര്‍പ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ