ലിനി പുതുശേരിക്ക് ഫൊക്കാനാ നൈറ്റിംഗേൽ പുരസ്കാരം
Tuesday, January 22, 2019 7:14 PM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ നൈറ്റിംഗേൽ പുരസ്കാരം കേരളത്തിൽ നിപ വൈറസ് മൂലം ജീവന്‍ വെടിഞ്ഞ നഴ്‌സ് ലിനി പുതുശേരിക്ക് മരണാനന്തര ബഹുമതിയായി നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്‍റ് മാധവൻ ബി നായർ അറിയിച്ചു . കാഷ് അവാർഡും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് ജനുവരി 30ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ഫൊക്കാനാ കൺവൻഷനിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ അവാർഡ് ദാനം നിർവഹിക്കും.

മുൻ ഫൊക്കാന പ്രസിഡന്‍റ് മറിയാമ്മ പിള്ള അധ്യക്ഷയും, വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്സ്, മേരി വിധയത്തിൽ, മേരി ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് നൈറ്റിംഗേൽ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്ത്. ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംബിഎൻ ഫൗണ്ടേഷൻ ആണ് അവാർഡ് തുക നൽകുന്നത്.

കേരളത്തിലെയും അമേരിക്കയിലെയും നഴ്സ്മാരിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട ഓരോ വ്യക്തികൾക്കാണ് ഫൊക്കാന നൈറ്റിംഗേൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള ഗവൺമെന്‍റിന്‍റെ ആരോഗ്യ മന്ത്രാലയം തെരഞ്ഞുടുപ്പു പ്രക്രിയയിലും മറ്റു സാങ്കേതിക വശങ്ങളിലും ഉചിതമായ സഹായം നൽകിയിരുന്നു . ആരോഗ്യ മന്ത്രി കെ .കെ ശൈലജ ടീച്ചർ ഫൊക്കാന ഇങ്ങനെ ഒരു അവാർഡ് ഏർപ്പെടുത്തിയതിൽ സന്തോഷം രേഖപ്പെടുത്തി.

അമേരിക്കയിൽ കുടിയേറിയ മലയാളികളിൽ കുടുതലും നഴ്സിംഗുമായി ബന്ധപ്പെട്ട മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ നൈറ്റിംഗേൽ അവാർഡിന് ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്ന് സെക്രട്ടറി ടോമി കൊക്കാട്ടും വിമൻസ് ഫോറം ചെയർപേഴ്സൺ ലൈസി അലക്സും അഭിപ്രായപ്പെട്ടു.

ലിനിയുടെ ജീവന്‍റെ അവസാന നിമിഷങ്ങളില്‍ ഭര്‍ത്താവ്‌ സജീഷിനെഴുതിയ കത്ത്‌ നേരത്തെ തന്നെ കേരള സമൂഹം വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു നഴ്സ് എങ്ങനെ ആയിരിക്കണം എന്നതിന്‍റെ ഉത്തമ ഉദഹരണം ആയിരുന്നു ആ കത്ത്.

നിപ വൈറസ് എന്ന പേര് കേട്ടു തുടങ്ങുന്നതിന് മുമ്പ് ആ വൈറസ് ബാധിച്ചെത്തിയ രോഗിയെ ഒരു നിമിഷം പോലും വിശ്രമിക്കാതെ പരിചരിച്ച ലിനി ഒടുവില്‍ ആ വൈറസിന്‍റെ അടുത്ത ഇരയായി മാറുകയായിരുന്നു.തുടർന്ന് ലിനി മരിക്കുകയും ചെയ്തു. മരണത്തിലേക്ക് നടക്കുന്നു എന്നറിഞ്ഞിട്ടും തന്‍റെ ജോലിയിൽ മുഴുകിയ ലിനിയെ കേരളത്തിലെ ജങ്ങൾക്ക് മറക്കാൻ കഴുയുകയില്ല.

ലിനി ശുശ്രൂഷിച്ച പേരാമ്പ്ര സ്വദേശി മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് പനിയും ചുമയുമായി വൈറല്‍ പനി തുടങ്ങുന്നത്. ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി എന്ന മട്ടില്‍ സാധാരണ ചികിത്സകള്‍ എടുത്തു. എന്നാല്‍ കുറയാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇഖ്‌റ ആശുപത്രിയിലെത്തി ചികിത്സ തുടങ്ങിയിട്ടും പനി കുറഞ്ഞില്ല. മണിക്കൂറുകള്‍ കഴിയുന്തോറും ക്ഷീണിതയായിക്കൊണ്ടിരുന്ന ലിനിയ്ക്ക് എന്ത് ചിക്തിത്സയാണ് നല്‍കേണ്ടതെന്നറിയാതെ ആശുപത്രി അധികൃതരും കുഴഞ്ഞു. ആ സമയത്താണ് നിപ വൈറസ് സംശയങ്ങള്‍ രൂപപ്പെടുന്നത്. അതോടെ ലിനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്കായി വിട്ടു. മെഡിക്കല്‍ കോളജില്‍ എമര്‍ജന്‍സി ഐസിയുവിലേക്കാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു. ശനിയാഴ്ച നാട്ടിലെത്തിയ ഭര്‍ത്താവ് സജീഷിനെ മാത്രം ലിനിയെ കാണാന്‍ ഒരു തവണ അനുവാദം നല്‍കിയതൊഴിച്ചാല്‍ ബന്ധുക്കളെ ആരേയും ഐസിയുവിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടെങ്കിലും സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞു. അന്ന് രാത്രി ഒരു മണിയോടെ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവേണ്ടതില്ല എന്ന തീരുമാനമെടുത്ത ബന്ധുക്കള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സമ്മതം നല്‍കി.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ