മലയാളം സൊസൈറ്റി ഹൂസ്റ്റൺ 2018-19 അറിഞ്ഞതും അറിയേണ്ടതും
Tuesday, January 22, 2019 7:19 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019-ലെ പ്രഥമ സമ്മേളനം ജനുവരി 13 സ്റ്റാഫോർഡിലെ ദേശി റസ്റ്ററന്‍റിൽ നടന്നു. പ്രസിഡന്‍റ് മണ്ണിക്കരോട്ടിന്‍റെ പുതുവത്സരാശംസയോടെ സമ്മേളനം സമാരംഭിച്ചു. സ്റ്റാഫോർഡ് കൗണ്‍സിൽമാൻ കെൻ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്ത് മാറ്റങ്ങൾ വരുത്തിയവർ എഴുത്തുകാരാണെന്നും അതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ ആദരവോടെ കാണുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സമ്മേളനത്തിൽ ഫിലഡൽഫിയയിൽ നിന്നെത്തിയ സാഹിത്യകാരനും ചിന്തകനുമായ അശോകൻ വേങ്ങശേരി മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി ജോർജ് പുത്തൻകുരിശ് മോഡറേറ്ററായി തുടർന്നുള്ള സമ്മേളനം നയിച്ചു. ടി.ൻ. ശാമുവൽ രചിച്ച അവസ്ഥാന്തരം എന്ന കവിതയായിരുന്നു ആദ്യത്തെ ചർച്ചാവിഷയം. നിത്യജീവിതത്തിൽ അനുഭവപ്പെട്ട ആത്മീയാന്തരങ്ങളുടെ കാവ്യഭാവമായിരുന്നു ഈ കവിത.

“മതജാതിമേലാടക്കപ്പുറമാരേയും
ഗതകാലത്തൊരുനാളുമറിഞ്ഞില്ലല്ലോ. ...” എന്നതായിരുന്നു ആദ്യത്തെ അവസ്ഥ. പിന്നീടുണ്ടായ അവസ്ഥയായിരുന്നു രണ്ടാം ഭാഗത്തിൽ:-
“... പുത്തനറിവിന്‍റെ പൂരങ്ങൾ കണ്ടിട്ടു
ചിത്തത്തിൻ വാതിൽ തുറന്നുവച്ചു. ...
തടവിലാക്കപ്പെട്ട വിഞ്ജാനവീഥിക-
ളൊടുവിലെൻ മുന്നിൽ തുറക്കയായി
ചിന്തയ്ക്കു സ്വാതന്ത്ര്യം കിട്ടുന്പോളതിലേറെ
ചന്തത്തിലുള്ളൊരു കാര്യമുണ്ടോ? ...”

കവിതയുടെ അന്തസാരത്തെക്കുറിച്ച് സദസ്യർ സമഗ്രമായി വിശകലനം ചെയ്തു. മതത്തിന്‍റെ മേലാടയിൽ മുങ്ങി, അവിടെനിന്നു കേൾക്കുന്ന വാക്കുകൾ അവസാന വാക്കായി കരുതി സ്വതന്ത്രമായി ചിന്തിക്കാൻ കഴിയാതെ നഷ്ടപ്പെട്ട ഗതകാലങ്ങൾ. എന്നാൽ കാലങ്ങൾ കഴിഞ്ഞ് ക്രമേണ സ്വതന്ത്രചിന്ത വീണ്ടെടുത്തതോടെ സത്യം മനസ്സിലാക്കാൻ തുടങ്ങി. മനുഷ്യൻ പ്രേരണയാലല്ല മറിച്ച് സ്വന്തമായി, സ്വതന്ത്രമായി ചിന്തിച്ച് യഥാർത്ഥ സത്യത്തിന് സാക്ഷിയാകണമെന്ന് കവിത ഉദ്ബോധിപ്പിക്കുന്നതായി സദസ്യർ വിലയിരുത്തി. പഴയകാല കവിതകളെ അനുസ്മരിക്കും വിധം ദ്വിതീയാക്ഷര പ്രാസത്തിൽ അർത്ഥഭംഗിയോടെ രചിച്ച ആശയ സന്പൂർണ്ണമായ ഒരു കവിതയാണ് അവസ്ഥാന്തരമെന്ന് സദസ്യർ വിലയിരുത്തി.

തുടർന്ന് ജോസഫ് പൊന്നോലി 2019-ൽ സാങ്കേതിക വിദ്യ എങ്ങോട്ട് എന്ന ചിന്ത ആസ്പഥമാക്കി പ്രബന്ധം അവതരിപ്പിച്ചു. അതിനുശേഷം 2019-ൽ സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ച് നൈനാൻ മാത്തുള്ളയും പ്രബന്ധം അവതരിപ്പിച്ചു. സമയക്കുറവു കാരണം ചർച്ച അടുത്ത സമ്മേളനത്തിലേക്കു മാറ്റി.

ചർച്ചയിൽ കെൻ മാത്യു, പൊന്നു പിള്ള, എ.സി. ജോർജ്, നൈനാൻ മാത്തുള്ള, ജോണ്‍ കുന്തറ, ചാക്കൊ മുട്ടുങ്കൽ, ടി. എൻ. ശാമുവൽ, തോമസ് തയ്യിൽ, ടോം വിരിപ്പൻ, തോമസ് വർഗ്ഗീസ്, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ഷിജു ജോർജ്, റോയ് തിയാടിക്കൽ, ജോസഫ് പൊന്നോലി, അശോകൻ വേങ്ങശ്ശേരി, മുരളി കൃഷ്ണൻ, ശ്രീലേഖ കൃഷ്ണൻ, അനുരാജ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് മുതലായവർ പങ്കെടുത്തു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്‍റ്) 281 857 9221 www.mannickarottu.net),
ജോളി വില്ലി (വൈസ് പ്രസിഡന്‍റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്‍റ്) 281 261 4950,
ജി. പുത്തൻകുരിശ് (സെക്രട്ടറി) 281 773 1217