കലിഫോർണിയയിൽ മകരവിളക്കാഘോഷം ഭക്തിസാന്ദ്രമായി
Tuesday, January 22, 2019 7:24 PM IST
ലോസ് ആഞ്ചലസ് :കലിഫോർണിയയിലെ മലയാളി-തമിഴ് സമൂഹം മകരവിളക്കും തൈ പൊങ്കലും ആഘോഷിച്ചു. ജനുവരി 19 ന് നോർവാക്കിലുള്ള സനാതന ധർമ ക്ഷേത്രത്തിൽ ഒത്തുചേർന്ന ഭക്തർ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ അയ്യപ്പ രഥ ഘോഷയാത്രയും കാവടിയാട്ടവും നടത്തി.

നെയ്യ്, പാൽ, കളഭം, പഞ്ചാമൃതം, ഇളനീർ, പനിനീർ, ഭസ്മം, തേൻ തുടങ്ങി പതിനൊന്നു പൂജാദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകചടങ്ങുകൾക്കുശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീർത്തങ്ങളും ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി.

കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്‍റെ (ഓം) നേതൃത്വത്തിൽ സതേൺ കലിഫോർണിയ തമിഴ് സംഘം, നോർവാക്കിലെ സനാതന ധർമ ടെംപിൾ എന്നിവരുടെ സഹകരണത്തോടെ ആയിരുന്നു ആഘോഷപരിപാടികൾ.

ഓം ഭാരവാഹികളായ രവി വെള്ളത്തിരി, സുനിൽ രവീന്ദ്രൻ, പത്മനാഭ അയ്യർ, രമ നായർ, സുരേഷ് എഞ്ചൂർ, സിന്ധു പിള്ള തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാമ പ്രസാദിന്‍റെ നേതൃത്വത്തിൽ വിവിധ ഭാഷകളിൽ നടത്തിയ അയ്യപ്പ ഭജനയോടും അന്നദാനത്തോടും കൂടി സമാപിച്ച ആഘോഷങ്ങളിൽ കേരളം, തമിഴ്നാട്, ആന്ധ്രാ, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറിലധികം ഭക്തർ പങ്കെടുത്തു.

റിപ്പോർട്ട്: സാൻഡി പ്രസാദ്