ഡാളസ്: ഫോമായിലെ അംഗസംഘടനകളുമായി നിരന്തരം സംവദിക്കാൻ പുതിയ കമ്മിറ്റി നിലവിൽവന്നു. ഈ കമ്മറ്റിയുടെ ചെയർമാനായി സൗത്ത് ഈസ്റ്റ് റീജിയനിൽ (അറ്റ്ലാന്റ) നിന്നുമുള്ള റജി ചെറിയാനും, കോർഡിനേറ്ററായി മിഡ് അറ്റ്ലാന്റിക് റീജണിൽ നിന്നുമുള്ള സണ്ണി ഏബ്രഹാമിനെയും തെരഞ്ഞെടുത്തു.
റജി ചെറിയാൻ ഫോമായുടെ റീജിയണൽ വൈസ് പ്രസിഡന്റായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ(അമ്മ) സ്ഥാപകരിൽ ഒരാളായ റജി ചെറിയാൻ ബാലജനസഖ്യത്തിലൂടെ സാംസ്കാരിക പ്രവർത്തനവും, കേരളാ കോണ്‍ഗ്രസിന്റെ വിദ്യാർഥി സംഘടനാ പ്രസ്ഥാനമായ കെഐസ്സിയിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവർത്തനവും ആരംഭിച്ചു. 1990ൽ അമേരിക്കയിലെത്തി, പിന്നീട് വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, അറ്റലാന്റ കേരളാ കൾച്ചറൽ അസോസിയേഷൻ, ഗാമാ അസോസിയേഷൻ, ഗാമയുടെ വൈസ് പ്രസിഡന്റ്, അറ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ എന്നീ സംഘടനകളിലെ മെന്പറായും, പ്രസിഡന്റായും പ്രവർത്തിച്ചു.
അരനൂറ്റാണ്ടു മുൻപ് ബാലജനസഖ്യത്തിലൂടെ സംഘടനാ രംഗത്തേയ്ക്ക് കടന്നു വന്ന സണ്ണി എബ്രഹാം, പ്രമുഖ യുവജനപ്രസ്ഥാനങ്ങളിലും മുംബൈയിലെ മലയാളി സംഘടനകളിലും പ്രവർത്തിച്ച അനുഭവ സന്പത്തുമായാണ് 1975ൽ അമേരിക്കയിലേക്ക് കടന്നുവരുന്നത്. ഫോമയുടെ രൂപീകരണത്തിനു മുൻപുണ്ടായിരുന്ന സംയുക്തസംഘടനയുടെ നാഷണൽ കമ്മിറ്റി മെന്പറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പ്രഥമ ന്യൂയോർക്ക് കണ്‍വൻഷനിൽ പങ്കെടുക്കുകയും, രണ്ടാമത്തെ കണ്വൻഷൻ ഫിലാഡൽഫിയായിൽ നടന്നപ്പോൾ നേതൃത്വം നല്‍കുകയും ചെയ്തു. ഇപ്പോൾ ഫോമായുടെ നാഷണൽ കമ്മിറ്റി മെന്പറായി പ്രവർത്തിക്കുന്ന സണ്ണി എബ്രഹാം 2014 ലെ വാലി ഫോർജ് കണ്‍വെൻഷന്റെ വിജയശിൽപികളിൽ ഒരാളാണ്.
ഫോമായുടെ ഈ കമ്മറ്റി, വളർന്നു കൊണ്ടിരിക്കുന്ന അമേരിക്കൻ മലയാളി സമൂഹത്തിനു പുത്തൻ ഉണർവേകുമെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറർ ജയിൻ കണ്ണച്ചാൻപറന്പിൽ എന്നിവരും അറിയിച്ചു.
റിപ്പോർട്ട്: പന്തളം ബിജു തോമസ്