യുവതലമുറയ്ക്കു വഴികാട്ടിയായി 'അമ്മ' അസോസിയേഷന്‍.
Wednesday, February 13, 2019 2:31 PM IST
അറ്റ്‌ലാന്റ: ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്കു ഉപരിപഠനത്തിനായി മാര്‍ഗനിര്‍ദേശം നല്‍കാനായി ഒരു വിദ്യാഭ്യാസ സെമിനാര്‍ ഫെബ്രുവരി ഇരുപത്തി മൂന്നിനു നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട് മറ്റു അസോസിയേഷനുകള്‍ക്കു മാതൃകയാവുകയാണ് അറ്റ്‌ലാന്റ 'അമ്മ' അസോസിയേഷന്‍.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്നതോടെ എഴുപതു ശതമാനം കുട്ടികളും കലാപരവും കായികപരവുമായ കാര്യങ്ങളില്‍ നിന്നും അകന്നു പോകുന്നതായിട്ടാണു കണ്ടുവരുന്നത് എന്നു പ്രസിഡന്റ് റെജി ചെറിയാന്‍ അറിയിച്ചു. എന്നാല്‍, ഇതേ സമയം ഇതിനു വേണ്ടി തുടര്‍വിദ്യാഭ്യാസത്തിനായുള്ള മാര്‍ഗനിര്‍ദേശം നല്‍കാനുള്ള ഒരു വേദിയും ആരും ഒരുക്കിക്കൊടുക്കുന്നതായും കാണുന്നില്ല. അതിനുവേണ്ടി അമ്മ അസോസിയേഷന്‍ പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്കുകയാണ്. ഈ വിഷയം യൂത്ത് കമ്മറ്റി കണ്‍വീനര്‍ ജെന്‍സന്‍ ബിനോജി കമ്മറ്റിയില്‍ അവതരിപ്പിച്ചപ്പോള്‍ കമ്മറ്റി ഒന്നടങ്കം ഇതു നടത്തുവാനായി തീരുമാനിക്കുകയായിരുന്നു.

കമ്മറ്റി അംഗങ്ങളായ ഷാനു പ്രകാശ്, ജിത്തു വിനോയ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ പഠനശിബിരത്തിലേയ്ക്കു അന്‍പതില്‍പ്പരം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കൂടുതല്‍ കുട്ടികള്‍ ഈ വിഷയത്തില്‍ സഹകരിക്കാമെന്ന് അസോസിയേഷനെ താല്പര്യം അറിയിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള പ്രമുഖ അധ്യാപകരായ ഡോ. ജേക്കബ് ചാക്കോ, ഡോ. അജയ് മാല്യ, ഡോ. രാമകൃഷ്ണ മേനോന്‍, ഡോ. മിര്‍സ മുര്‍ത്താസ, ഡോ. ലിനു ചാണ്ടി, അഡ്വക്കേറ്റ് രമേഷ് സിക്കല്‍ എന്നിവര്‍ നേത്രുത്വം നല്‍കുന്ന സെമിനാര്‍ ഉച്ചയ്ക്കു പന്ത്രണ്ടിനു ആരംഭിക്കും. കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസപരമായ സംശയങ്ങള്‍ക്കും, ചോദ്യങ്ങള്‍ക്കും ഉത്തരവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുക എന്നതാണു ഈ സെമിനാറിന്റെ മുഖ്യമായ ഉദ്ദേശം.

ന്യൂജഴ്‌സിയിലേ പ്രമുഖ ബിസിനസുകാരനും തോമസ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയുമായ ജോജി തോമസ് ബിസിനസ് സെമിനാര്‍ ഉദ്ഘാടന ചെയ്തു സംസാരിക്കും.