നായര്‍ സര്‍വീസ് സൊസൈറ്റി നോര്‍ത്ത് ടെക്‌സസിന് നവ നേതൃത്വം
Saturday, February 16, 2019 11:39 AM IST
ഡാളസ്: എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസിന് പുതു നേതൃത്വം. ജനുവരി അവസാനം കൂടിയ ജനറല്‍ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലക്ഷ്മി വിനുവും, ട്രഷറര്‍ റിപ്പോര്‍ട്ട് സരിത വിജയകുമാറും അവതരിപ്പിച്ചത്, അംഗീകരിച്ചു.

സര്‍വീസ് സൊസൈറ്റിയെ കൂടുതല്‍ ഔന്യത്തിത്തിലേക്കു നയിച്ച എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്ക് അനുമോദനം അര്‍പ്പിച്ച ജനറല്‍ ബോഡി, കിരണ്‍ വിജയകുമാറിനോട് ഒരു വര്ഷം കൂടി പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടു.

നോമിനേഷന്‍ കമ്മീഷണര്‍ സുധീര്‍ പകവത്തിന്റെ അധ്യക്ഷതയില്‍ നടന്ന നാമനിര്‍ദ്ദേശ സമ്മേളനത്തില്‍ മറ്റു പദവികളിലേല്‍ക്കുള്ള അംഗങ്ങളെയും കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യം പോലെ ഇത്തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു.

എന്‍എസ്എസ് നോര്‍ത്ത് ടെക്‌സസിന്റെ ഈ വര്‍ഷത്തെ സാരഥികളായി കിരണ്‍ വിജയകുമാര്‍ (പ്രസിഡന്റ്), വിനു പിള്ള (വൈസ് പ്രസിഡന്റ്), ഇന്ദു മനയില്‍ (ജനറല്‍ സെക്രട്ടറി), വ്യാസ് മോഹന്‍ (ജോയിന്റ് സെക്രട്ടറി), സവിത മനു (ട്രഷറര്‍),അജയ് മുരളീധരന്‍ (ജോയിന്റ് ട്രെഷറര്‍)എന്നിവരും ബോര്‍ഡ് അംഗങ്ങളായി പ്രമോദ് സുധാകര്‍, ഗോപിനാഥ് കാഞ്ഞിരക്കോല്‍, അഞ്ജന നായര്‍, ഡോക്ടര്‍ പ്രിയ രാധാകൃഷ്ണന്‍, സിന്ധു പ്രദീപ്, രമേശ് നായര്‍,ദിനേശ് മധു എന്നിവരെയും തെരഞ്ഞെടുത്തു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇന്ദു മനയില്‍ എല്ലാവര്ക്കും കൃതജ്ഞത നേരുകയും വരുന്ന എല്ലാ പരിപാടികളിലും എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണം എന്നും അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം