ഷിക്കാഗോ വ്യവസായ സ്ഥാപനത്തിൽ വെടിവയ്പ്: അഞ്ച് പേർ കൊല്ലപ്പെട്ടു
Saturday, February 16, 2019 4:31 PM IST
അറോറ (ഇല്ലിനോയ്)∙ അറോറയിലെ വ്യവസായ സ്ഥാപനത്തിലുണ്ടായ വെടിവയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെടുകയും അഞ്ചു പോലീസുകാർ ഉൾപ്പെടെ നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു.

വെടിവച്ച ഗാരി മാർട്ടിൻ (45) എന്ന അക്രമി പോലിസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അറോറ പൊലീസ് ചീഫ് ക്രിസ്റ്റീൻ സിറമൻ പറഞ്ഞു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.24 നാണ് സംഭവം. അറോറ ഇൻഡ്രസ്ട്രിയിൽ വേയർ ഹൗസ് മുൻ ജീവനക്കാരനായ ഗാരി മാർട്ടിന്‍ തോക്കുമായി കമ്പനിക്കകത്തു പ്രവേശിച്ചു തൊഴിലാളികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റു മരിച്ചവർ 5 പേരും പുരുഷന്മാരാണ്. മരിച്ചവരുടെ പേരു വിവരം വെളിപ്പെടുത്താൻ പോലീസ് തയാറായിട്ടില്ല. വെടിവയ്പ്പു നടക്കുന്ന സമയം കമ്പനിയിൽ ഏകദേശം 30 പേർ ഉണ്ടായിരുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തിയ സ്വാറ്റ് ടീം അംഗങ്ങളാണ് കൂടുതൽ പേരുടെ ജീവൻ രക്ഷിച്ചത്. ലേസർ ഘടിപ്പിച്ച തോക്കാണ് പ്രതി ഉപയോഗിച്ചതെന്ന് കമ്പനിയിലെ ജീവനക്കാരൻ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ