ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ കെസിഎസ് അനുശോചനയോഗം
Monday, February 18, 2019 10:36 AM IST
ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ പ്രസിഡന്റും സുഹൃദ് വലയത്തിനു ടമയുമയും കാരുണ്യ പ്രവര്‍ത്തകനുമായ ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ഓര്‍മ്മയില്‍ ഷിക്കാഗോ കെസിഎസ് സംഘടിപ്പിച്ച അനുശോചന യോഗം വികാരനിര്‍ഭരമായ അനുസ്മരണങ്ങള്‍ക്ക് വേദിയായി. ജോയിച്ചന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം വൈകുന്നേരം ഏഴിനു ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററിലാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.

ജോയിച്ചന് ഷിക്കാഗോ കെസിഎസുമായി ഉണ്ടായിരുന്ന അഭേദ്യമായ ബന്ധത്തിന് സാക്ഷിയായി അദ്ദേഹത്തിന്റെ മക്കളായ ലൂക്കാസ്, ജിയോ എന്നിവരും മറ്റു കുടുംബാംഗങ്ങളും യോഗത്തില്‍ സംബന്ധിച്ചു. തങ്ങളുടെ പിതാവിന്റെ ഓര്‍മ്മയില്‍ ഇത്തരം ഒരു ചടങ്ങ് സംഘടിപ്പിച്ച കെസിഎസിനോടും ഇതില്‍ പങ്കെടുത്തവരോടും ലൂക്കാസ് നന്ദി അറിയിച്ചു.

വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ജോയിച്ചനാണ് കെ.സി.എസിന്റെ ആധുനികവത്കരണത്തിന് നേതൃത്വം നല്കിയതെന്ന് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു. അദ്ദേഹമാണ് കെ.സി.എസില്‍ ഒരു മള്‍ട്ടിപര്‍പ്പസ് കമ്യൂണിറ്റി സെന്റര്‍ എന്ന ആശയത്തിനു തുടക്കമിട്ടതെന്നും ജോയിച്ചന്റെ കാലത്താണ് കെസിവൈഎല്‍, യുവജനവേദി, വിമന്‍സ് ഫോറം എന്നിവ സ്ഥാപിച്ചതെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെസിസിഎന്‍എ വൈസ് പ്രസിഡന്റും മുന്‍ പ്രസിഡന്റുമായ മേയമ്മ വെട്ടിക്കാട്ട് അനുസ്മരിച്ചു.

ജോയിച്ചന്‍ സഭയേയും സമുദായത്തേയും എങ്ങനെ സ്‌നേഹിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്നും ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. ഫാ. തോമസ് മുളവനാല്‍ അനുസ്മരിച്ചു. ജോയിച്ചന്റെ എക്‌സിക്യൂട്ടീവില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ജോര്‍ജ് തോട്ടപ്പുറം, സാബു നടുവീട്ടില്‍, ബിജു തുരുത്തുമാലില്‍, ജോയിച്ചന്റെ ആത്മസുഹൃത്തായ ജോണ്‍സണ്‍ വാര്യത്ത്, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് ജോസ് ഉപ്പൂട്ടില്‍, മുന്‍ കെ.സി.എസ് പ്രസിഡന്റുമാരായിരുന്ന ബിനു പൂത്തുറയില്‍, സിറിയക് കൂവക്കാട്ടില്‍ എന്നിവരും ക്‌നാനായ വോയ്‌സ് മാനേജിംഗ് ഡയറക്ടറും, മുന്‍ കെ.സി.വൈ.എല്‍ രൂപതാ പ്രസിഡന്റുമായിരുന്ന സാജു കണ്ണമ്പള്ളി എന്നിവരും ജോയിച്ചനുമായുള്ള തങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ചു.

ജയിംസ് പുത്തന്‍പുരയില്‍, സജി പുതൃക്കയില്‍, മജോ കുന്നശേരി, ജോസ് കൊരട്ടിയില്‍, ജോബി ഓളിയില്‍, ആല്‍ബിന്‍ പുലിക്കുന്നേല്‍, പറയംകാലായില്‍ കുടുംബ പ്രതിനിധി എന്നിവരും അനുശോചന സന്ദേശങ്ങള്‍ അറിയിച്ചു. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ ജെറിന്‍ പൂതക്കരി നന്ദിയും പറഞ്ഞു.

ജോയിച്ചന്‍ ഓര്‍മ്മയില്‍ മകന്‍ ജിയോ ഫേസ്ബുക്കിലൂടെ ആരംഭിച്ച വിവാഹ സഹായ പദ്ധതി വിജയിപ്പിക്കുന്നതിനായി യോഗം ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു.
റോയി ചേലമലയില്‍ (സെക്രട്ടറി കെ.സി.എസ്) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം