ഇന്ത്യൻ ദമ്പതികൾ യുഎസിൽ വെടിയേറ്റു മരിച്ച നിലയിൽ
Tuesday, February 19, 2019 9:33 PM IST
ഹൂസ്റ്റൺ: ഇന്ത്യൻ ദമ്പതികളെ ഹൂസ്റ്റൺ ഷുഗർലാന്റിലുള്ള വസതിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ അജ്ഞാത ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പോലീസാണ് ശ്രീനിവാസ് (51), ഭാര്യ ഷാന്‍റി (46) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഷാന്‍റിയുടെ ശരീരം ഡ്രൈവ്‌വേയിലും ശ്രീനിവാസിന്‍റേതു വീടിനകത്തെ ബെഡ്റൂമിലും ആയിരുന്നു.

സംഭവം നടക്കുമ്പോൾ ഇവരുടെ 16 വയസുള്ള മകൾ വീട്ടിൽ ഉറക്കത്തിലായിരുന്നു. രാവിലെ ഉറക്കം ഉണർന്നപ്പോഴാണു വിവരം അറിയുന്നത്.

ശ്രീനിവാസ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്തതാകാം എന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. ടെക്സസ് ആസ്ഥാനമായി രൂപീകരിച്ച ഇന്തോ –അമേരിക്കൻ ചാരിറ്റി ഫൗണ്ടേഷന്‍റെ പ്രസിഡന്‍റായി ശ്രീനിവാസ് പ്രവർത്തിച്ചിരുന്നു.

ശ്രീനിവാസും ഭാര്യ ഷാന്‍റിയും ടെക്സ്‌സ് എആൻഡ്എം യൂണിവേഴ്സിറ്റി (കോളജ് സ്റ്റേഷൻ) വിദ്യാർഥികളായിരുന്നു. ശ്രീനിവാസനു മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും റൈസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ ബിരുദവുമുണ്ട്. കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ഷാന്‍റി യുണൈറ്റഡ് എയർലൈൻസ് പ്രോജക്റ്റ് ലീഡ് ആർകിടെക്റ്ററായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ