മൂന്നു വയസുകാരിയുടെ അഴുകിയ ജഡം വീട്ടിലെ ആസിഡ് ഭരണിയിൽ; മാതാപിതാക്കൾ അറസ്റ്റിൽ
Tuesday, February 19, 2019 10:45 PM IST
ലൊറിഡൊ(ടെക്‌സസ്): മൂന്നു വയസുകാരിയുടെ അഴുകി തുടങ്ങിയ ജഡം ആസിഡ് ഭരണിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടെക്‌സസി ലൊറിഡൊയില്‍ നിന്നുള്ള മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു.

പിതാവ് ജൊറാര്‍ഡൊ(32), മാതാവ് മോണിക്ക(37) എന്നിരാണ് അറസ്റ്റിലായത്.ഇവരുടെ അഞ്ചു മക്കളില്‍ മൂന്നുവയസുള്ള റബെക്കയുടെതായിരിക്കാം ജഡമെന്നാണ് പോലീസിന്‍റെ ആദ്യ നിഗമനം.

ഫെബ്രുവരി 15 നായിരുന്നു സംഭവം. തൊട്ടടുത്തു താമസിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ലഭിച്ച സൂചനയുടെ വെളിച്ചത്തില്‍ അന്വേഷണം നടത്തിയ പോലീസുക്കാരാണ് ജഡം ആസിഡ് നിറച്ച ഭരണിയില്‍ നിന്നും പുറത്തെടുത്തത്. ബെഡ്‌റൂം ക്ലോസറ്റിലായിരുന്നു ആസിഡ് ഭരണി. അശ്രദ്ധമായി ബാത്ത് ടബില്‍ കളിക്കുന്നതിനിടെയാണ് കുട്ടി മരിച്ചതെന്നും ജഡം മറവു ചെയ്യുന്നതിന് മോണിക്ക ഭര്‍ത്താവിന്‍റെ സഹായം തേടിയതാണെന്നും പ്രതികള്‍ പോലീസിനോടു പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ 1 മുതല്‍ 11 വയസുവരെയുള്ള മറ്റു നാലു കുട്ടികളുടെ ചുമതല സിപിഎസിനെ ഏല്‍പിച്ചു.

കുട്ടിയെ കൊലപ്പെടുത്തിയതിനും ജഡം ഒളിപ്പിച്ചുവച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ