ലോസ് ആഞ്ചലസിൽ ധർമ സംവാദം സംഘടിപ്പിച്ചു
Wednesday, February 20, 2019 7:08 PM IST
ലോസ് ആഞ്ചലസ് : ശബരിമല കർമ സമിതി രക്ഷാധികാരിയും കുളത്തൂർ അദ്വൈതാശ്രമം മഠാധിപതിയുമായ പൂജനീയ സ്വാമി ചിദാനന്ദപുരി ലോസ് ആഞ്ചലസിൽ നടത്തിയ ധർമ സംവാദം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫെബ്രുവരി 13ന് നോർവാക്കിലെ സനാതന ധർമ ക്ഷേത്ര ഹാളിൽ ഇംഗ്ലീഷിൽ നടത്തിയ സംവാദത്തിൽ ഭാഷാ സംസ്ഥാന ഭേദമെന്യേ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു.

ഫെബ്രുവരി ഒന്നുമുതൽ പത്തൊൻപതുവരെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി വിവിധ വിഷയങ്ങളിൽ നടത്തുന്ന സംവാദപരമ്പരയുടെ ഭാഗമായിട്ടായിരുന്നു ലോസ് ആഞ്ചലസിലെ പരിപാടി.

കലിഫോർണിയയിലെ മലയാളി അസോസിയേഷനായ ഓം ആയിരുന്നു ധർമ സംവാദത്തിന്‍റെ സംഘാടകർ. വൈകിട്ട് ആറുമണിയോടെ സനാതന ധർമ ക്ഷേത്രത്തിലെത്തിയ സ്വാമിജിയെ ഓം ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ചേർന്നു പൂർണ കുംഭത്തിന്‍റേയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു വേദിയിലേക്കാനയിച്ചു.
.
സംവാദത്തിനുശേഷം ശ്രോതാക്കളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ശബരിമല യുവതി പ്രവേശമുൾപ്പെടുയുള്ള ആനുകാലിക വിഷയങ്ങളിൽ വ്യക്തത വരുത്തിയാണ് സ്വാമിജി പ്രഭാഷണം അവസാനിപ്പിച്ചത്. പ്രവാസി ഭാരതീയരുടെ രണ്ടാം തലമുറയിൽ പെട്ട നിരവധി യുവതി യുവാക്കൾക്ക് വിജ്ഞാന ദായകമായിരുന്നു സംവാദം. പ്രവർത്തിദിവസമായിരുന്നിട്ടും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പരിപാടിക്കെത്തിയവർക്കു ഓം പ്രസിഡന്‍റ് വിനോദ് ബാഹുലേയൻ ,ഡയറക്ടർ രവി വെള്ളത്തിരി, സെക്രട്ടറി സുനിൽ രവീന്ദ്രൻ എന്നിവർ നന്ദി അറിയിച്ചു. ഡോ. ബി. യു. പട്ടേലായിരുന്നു പരിപാടിയുടെ സ്പോൺസർ.

റിപ്പോർട്ട്: സാൻഡി പ്രസാദ്