പന്പ വിഷൻ 2020: പന്പക്ക് പുതിയൊരു കമ്യൂണിറ്റി സെന്‍റർ
Wednesday, February 20, 2019 9:16 PM IST
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന് പുതിയതും കൂടുതൽ സൗകര്യപ്രദവുമായ കമ്യൂണിറ്റി സെന്‍റർ എന്ന സ്വപ്നവുമായി തുടങ്ങുന്ന പന്പ വിഷൻ 2020 യുടെ കിക്കോഫ് പെൻസിൽവേനിയ സ്റ്റേറ്റ് സെനറ്റർ ജോണ്‍ സബറ്റീനയുടെ സാന്നിധ്യത്തിൽ ജനുവരി 12ന് നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലെ അതിഥി റസ്റ്ററന്‍റിൽ നടന്നു.

1998-ൽ രൂപം കൊണ്ട പന്പ മലയാളി അസോസിയേഷന് 2005-ൽ അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും നിർലോഭമായ സഹകരണത്തോടെ സ്വന്തമായ ഓഫീസും സമ്മേളന ഹാളും ബാദ്ധ്യതകളൊന്നുമില്ലാതെ വാങ്ങുവാൻ കഴിഞ്ഞു. എന്നാൽ പന്പയുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ചതും കൂടുതൽ പേർ റിട്ടയർമെന്‍റിലേക്ക് പ്രവേശിക്കുന്നതും അവർക്ക് സമ്മേളിക്കാനും അവരുടെതായിട്ടുള്ള ആവശ്യങ്ങൾ നിറവേറ്റുവാനും നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമായപ്പോഴാണ് കൂടുതൽ സൗകര്യമുള്ള ഒരു കമ്യൂണിറ്റി സെന്‍റർ എന്ന എന്ന ആശയം അവതരിപ്പിച്ച്, പന്പയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അലക്സ് തോമസ് ചെയർമാനായ ബിൽഡിംഗ് പ്രോജക്ട് കമ്മിറ്റി നിലവിൽ വന്നത്. 2020-ൽ ഈ സ്വപ്ന പ്രോജക്ട് സാക്ഷാത്കരിക്കാൻ കഴിയുമെന്ന് പ്രസിഡന്‍റ് മോഡി ജേക്കബ് പറഞ്ഞു.

പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ സിറ്റിസണ്‍ഷിപ്പ് ക്ലാസുകൾ, ഒസിഐ ക്യാന്പുകൾ, ബിസിനസ് സെമിനാറുകൾ, ലീഗൽ സെമിനാർ, യോഗ ക്ലാസ്, എമർജൻസി നീഡ് ഫോർ സീനിയർ സിറ്റിസണ്‍സ്, മെഡിക്കൽ സെമിനാർ, ടാലന്ത് കോന്പറ്റീഷൻസ് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ സൗകര്യമുള്ള സെന്‍ററിൽ പന്പ വിഭാവനം ചെയ്യുന്ന വിവിധ പരിപാടികളായ മലയാളം ക്ലാസ്, അക്കാഡമിക് ഗൈഡൻസ്, മാത്ത് ആന്‍റ് സയൻസ് ട്യൂട്ടറിംഗ്, കരിയർ ഗൈഡൻസ് വർക്ക്ഷോപ്പ്, ഇമിഗ്രേഷൻ ഹെൽപ്പ് എന്നിവയൊക്കെ നടത്താൻ കഴിയുമൊന്നും ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ വിശദീകരിച്ചു.

പന്പയുടെ പുതിയ സംരഭത്തെ ശ്ലാഘിച്ച സ്റ്റേറ്റ് സെനറ്റർ സബറ്റീന, പെൻസിൽവേനിയ സ്റ്റേറ്റിൽ നിന്ന് ലഭിക്കാവുന്ന ആനൂകൂല്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.

ബിൽഡിംഗ് പ്രോജക്ട് കിക്കോഫിൽ നിരവധി പേർ പങ്കെടുത്ത് നല്ലൊരു തുക സമാഹരിച്ചു. പന്പ വിഷൻ 2020-യിൽ സഹകരിക്കുവാനും പന്പയുടെ പ്രവർത്തനങ്ങളിൽ ഭാഗവാക്കാകുവാനും എവരെയും സംഘാടകർ ക്ഷണിച്ചു.

വിവരങ്ങൾക്ക്: മോഡി ജേക്കബ് (പ്രസിഡന്‍റ്), 215 667 0801, സുമോദ് നെല്ലിക്കാല (ജനറൽ സെക്രട്ടറി) 267 322 8527215, ജോർജ് ഓലിക്കൽ(ട്രഷറർ) 215 873 4365, അലക്സ് തോമസ് (ബിൽഡിംഗ് പ്രോജക്ട് ചെയർമാൻ) 215 850 5268.