ഇന്ത്യാ പ്രസ്ക്ലബിന്‍റെ എട്ടാമത് ദേശീയ സമ്മേളനം ഒക്ടോബര്‍ 11,12,13 തീയതികളില്‍ ന്യുജേഴ്സിയില്‍
Wednesday, February 20, 2019 11:46 PM IST
ന്യൂജേഴ്സി: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ദേശീയ സമ്മേളനം ഒക്ടോബര്‍ 11,12,13 തീയതികളില്‍ ന്യുജേഴ്സി E Hotel Banquet & Conference സെന്‍ററില്‍ നടക്കും .

പ്രസ്ക്ലബിന്‍റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന ചര്‍ച്ചകള്‍, പ്രബന്ധാവതരണം, സെമിനാറുകള്‍ തുടങ്ങിയവയാണ് എട്ടാമത് ദേശീയ സമ്മേളനത്തിന്‍റെ സവിശേഷത. പ്രാദേശിക സംഘടനകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന്‍റെ മാറ്റ് കൂട്ടും.

ഇന്ത്യാപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക 2006 ലാണ് രൂപം കൊണ്ടത്. സ്ഥാപക പ്രസിഡന്‍റായിരുന്ന ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ദേശീയസമ്മേളനം 2006 ല്‍ ന്യുയോര്‍ക്കില്‍ നടത്തപ്പെട്ടു. തുടർന്നു പ്രസിഡന്‍റായ ജോസ് കണിയാലിയുടെ നേതൃത്വത്തില്‍ 2008 ലും 2009 ലും യഥാക്രമം ഷിക്കാഗോയിലും ന്യൂജേഴ്‌സിയിലും ദേശീയസമ്മേളനം നടത്തി.

പ്രസിഡന്‍റുമാരായ റെജി ജോര്‍ജ്, മാത്യൂ വര്‍ഗീസ് എന്നിവരുടെ സംഘാടകമികവിന്റെ നിദര്‍ശനങ്ങളായിരുന്നു 2011ലും 2013ലും ന്യൂജേഴ്‌സിയില്‍ കൂടിയ ദേശീയസമ്മേളനം. 2015ല്‍ അന്നത്തെ പ്രസിഡന്‍റ് ടാജ് മാത്യൂവിന്റെ നേതൃത്വത്തില്‍ ഷിക്കാഗോയില്‍ വിപുലമായ ദേശിയ സമ്മേളനം നടത്തി. സമകലീന വിഷയങ്ങള്‍ അഗാധമായി ചര്‍ ച്ച ചെയ്തു ഏഴാമത് കോണ്‍ ഫ്രന്‍ സ് ഷിക്കാഗൊയില്‍ 2017-ല്‍ നടക്കുമ്പോള്‍ ശിവന്‍ മുഹമ്മയായിരുന്നു പ്രസിഡന്‍റ്

കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരായ തോമസ് ജേക്കബ്, ഡി.വിജയ മോഹന്‍, സന്തോഷ് ജോര്‍ജ് ജേക്കബ് ഷാനി പ്രഭാകര്‍ , ജോണി ലൂക്കോസ്, ശ്രീകണ്ഠന്‍ നായര്‍, എം.ജി.രാധാകൃഷണന്‍, വിനു. വി.ജോണ്‍ അളകനന്ദ, ജോണ്‍ ബ്രിട്ടാസ്,എന്‍ പി ചന്ദ്രശേഖര്‍ പ്രഭാ വര്‍മ, എന്‍.പി.രാജേന്ദ്രന്‍, ഉണ്ണി ബാലകൃഷ്ണന്‍ , റോയ് മാത്യൂ, പി.വി ജോസഫ് , ബി.സി.ജോജൊ, 2ജി സ്‌പെക്ട്രം അഴിമതി പുറത്തു കൊണ്ടുവന്ന ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹിച്ച നാട്ടിലെ മുഖ്യധാര മാധ്യമ പ്രവര്‍ത്തകരായിരുന്നു.

മന്ത്രിമാരായിരുന്ന ഇ.അഹമദ്, മോന്‍സ് ജോസഫ്, ബിനോയ് വിശ്വം, വി.എസ് സുനില്‍ കുമാര്‍ ചീഫ് വിപ്പായിരുന്ന തോമസ് ഉണ്ണിയാടന്‍, എംപിമാരായിരുന്ന വി.ബാലഗോപാല്‍, എം.ബി.രാജേഷ്, ജോസ്‌കെ.മാണി, എംഎല്‍എമാരായ ജോഷി അഗസ്റ്റിന്‍, വി.ടി. ബല്‍റാം, വി.ഡി.സതീശന്‍, രാജു എബ്രഹാം, വീണാ ജോര്‍ജ് എം സ്വരാജ് തുടങ്ങിയവരും വിവിധ ദേശീയ സമ്മേളനങ്ങളിൽ പങ്കെടുത്തു.

എട്ടാമത് ദേശീയ സമ്മേളനത്തിന്‍റെ വിജയത്തിനായി മധു കൊട്ടാരക്കര (നാഷണല്‍ പ്രസിഡന്‍റ്), (സെക്രട്ടറി), സണ്ണി പൗലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്‍റ്), അനില്‍ ആറന്മുള (ജോയിന്‍റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, , (ജോയിന്‍റ്‌ ട്രഷറര്‍), ഡോ.ജോര്‍ജ് എം. കാക്കനാട്ട് (പ്രസിഡന്‍റ് ഇലക്ട്), ശിവന്‍ മുഹമ്മ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സംഘാടകർ സ്വാഗതം ചെയ്തു.