"രുധിരം' പറിച്ചുനടപ്പെട്ട പ്രവാസത്തിന്‍റെ കഥപറയുന്ന ചിത്രം
Thursday, February 21, 2019 7:26 PM IST
ന്യൂജേഴ്സി: "രുധിരം" ഒരു അതിജീവനത്തിന്‍റെ കഥ ആണെങ്കില്‍ അതിനു ചുക്കാന്‍ പിടിച്ച അമേരിക്കയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയ്ക്ക് ഈചിത്രം തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആണ്. പ്രവാസം അത് എവിടെ ആയാലും ഒരു പറിച്ചു നടലാണ്. നേരവും കാലവും നാടും മാറി ജീവിക്കുന്ന നമ്മളെ പ്പോലെ ഒരു കൂട്ടം കലാസ്‌നേഹികളുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് 23 മിനിറ്റില്‍ നമ്മുടെ മുന്നില്‍ സ്ക്രീനില്‍ വിരിയുന്നത്.

സമകാലീന രാഷ്ട്രീയത്തിന്‍റെ പുറം മൂച്ചുകള്‍ ഇല്ലാത്ത പച്ചയായ സത്യങ്ങള്‍ നമുക്ക് രുധിരത്തിലെ കഥാപാത്ര സൃഷ്ടിയില്‍ കാണാന്‍ കഴിയും. രുധിരം പറഞ്ഞു അറിയാനുള്ളതല്ല, കണ്ടു ആസ്വദിക്കാനുള്ളതാണ്.

ശക്തമായ തിരക്കഥയില്‍ തെളിയുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ അതി സാന്ദ്രമായി കഥയോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തല സംഗീതത്തിലൂടെ ന്യൂ യോര്‍ക്കിന്‍റേയും കണക്റ്റികട്ടിലെയും ദൃശ്യഭംഗി ഒപ്പിയെടുത്തുക്കൊണ്ട് കഥ മുന്നേറുന്നു

ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും രതീഷ് ശേഖര്‍ ആണ്. കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ച വിശ്വം നായര്‍, അനില്‍ മാത്യു എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട് പൂര്‍ണനീതി പുലര്‍ത്തിയിട്ടുണ്ട്. കൂടാതെ, ടൈറ്റില്‍ സോംഗ് ആയി റിലീസ് ആയ കാലമേ എന്നെ ഗാനവും രതീഷിന്റെ സ്വരമാധുരിയില്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

ഒരു ഫീച്ചര്‍ ഫിലിമിനോട് കിടപ്പിടിയ്ക്കുന്ന സാങ്കേതിക മികവ് ഈ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരുടെ വിജയമാണ്. ഡ്രാമ ജനുസില്‍ പെടുന്ന ചിത്രത്തിന്‍റെ ആസ്വാദനത്തിനു ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള സൂക്ഷ്മ മായ നിരീക്ഷണം ആവശ്യമായി വന്നേക്കാം.

രുധിരം യൂട്യൂബില്‍ ലഭ്യമാണ്: https://www.youtube.com/watch?v=VSY9h0kNg00

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം