സകല കലകളും ഒരു വേദിയിൽ ; മനം നിറച്ച്‌ "ദേശി സൂപ്പർസ്റ്റാർ 2019'
Thursday, February 21, 2019 9:09 PM IST
ഹൂസ്റ്റൺ: സൗന്ദര്യത്തിനു മലയാളത്തികവ് നൽകിയ ഹൂസ്റ്റണിന്‍റെ മനം കവർന്ന "മിസ് മലയാളി യുഎസ്എ 2018' നു ശേഷം അമേരിക്കയിലെ കലാ സംസ്കാരിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലക്ഷ്മി പീറ്റർ ഒരുക്കിയ മറ്റൊരു കലാ സംരംഭമായ "ദേശി സൂപ്പർസ്റ്റാർ യുഎസ് എ 2019' മൽസരങ്ങളുടെ വ്യത്യസ്ഥത കൊണ്ടും വർണപ്പകിട്ടാർന്ന പരിപാടികൾകൊണ്ടും ശ്രദ്ധേയമായി.

ഫെബ്രുവരി 16നു വൈകുന്നേരം അഞ്ചരയ്ക്ക് സ്റ്റാഫോർഡ് സിവിക് സെന്‍ററിൽ നടന്ന ടാലന്‍റ് ഷോ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ജോർജ് ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റൺ കമ്യൂണിറ്റി കോളജ് ട്രസ്റ്റി നീതാ സാനെ, ഫ്രീഡിയ എന്‍റർടൈൻമെന്‍റ് സിഇഒ ഡോ.ഫ്രീമു വർഗീസ് തുടങ്ങിയവരുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിനെ പ്രൗഢഗംഭീരമാക്കി.

അഞ്ച് വയസിനു മുകളിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ തങ്ങളുടെ നൃത്തം, പാട്ട് തുടങ്ങി എന്ത് കഴിവും പ്രദർശിപ്പിച്ച് ഒരു "സ്റ്റാർ' ആയി മാറാൻ സുവർണാവസരം ഒരുക്കുകയായിരുന്നു ലക്ഷ്മി പീറ്റർ.

നാല് വ്യത്യസ്ത വിഭാഗങ്ങളിലായിരുന്നു മൽസരങ്ങൾ. 5-8 വയസുവരെയുള്ളവർക്കുള്ള മത്സരത്തിൽ ശിവാനി കിരൺ (നൃത്തം) നിർജാർ ചക്രബർത്തി (സംഗീതം) എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി. 9 -13 വയസുവരെയുള്ളവർക്കുള്ള മത്സരത്തിൽ മേധാ അനന്തുണി നൃത്തത്തിനും സംഗീതത്തിനും ഒന്നാം സ്ഥാനത്തിനർഹയായി. 14-18 വയസ് വരെയുള്ളവർക്കുള്ള മത്സരത്തിൽ നിധി നവീൻ 'ഡാൻസർ' ടൈറ്റിൽ സ്വന്തമാക്കി. 18 വയസിനു മുകളിലുള്ളവർക്കായി നടത്തിയ മത്സരത്തിൽ കിരൺ വാസന്തി 'ഡാൻസർ' ടൈറ്റിലും അജിത് പിള്ള 'സിംഗർ' ടൈറ്റിലും സ്വന്തമാക്കി.

ഓസ്റ്റിനിൽ നിന്നുള്ള മേധാ അനന്തുണി ഏറ്റവും കൂടുതൽ പോയിന്‍റുകൾ കരസ്ഥമാക്കി "ദേശി സൂപ്പർസ്റ്റാർ യുഎസ്എ 2019" കിരീടം അണിഞ്ഞു.

അമേരിക്കയിലെ കലാരംഗത്തെ പ്രശസ്തരായ ഹംഎഫ്എം ആർജെ എജെ (HumFM RJ AJ), ഡാൻസർ രേഖാ നായർ, സംഗീതജ്ഞ ബ്രെൻഡാ എന്നിവരടങ്ങിയ മെന്‍റർ ടീമിന്‍റെ സാന്നിധ്യവും ഓരോ മൽസരത്തിനു ശേഷവും ഓരോ മത്സരാർഥികൾക്കും അവർ നലകിയ നിർദ്ദേശങ്ങളും പ്രോത്സാഹനവും ടാലന്‍റ് ഷോയെ മികവുറ്റതാക്കി. പ്രമുഖ പിന്നണി ഗായകൻ ജിമിക്കി കമ്മൽ ഫെയിം രഞ്ജിത്ത് ഉണ്ണിയുടെ അടിപൊളി ഗാനങ്ങളും പ്രശസ്ത നർത്തകി രചന നാരായണൻകുട്ടി അവതരിപ്പിച്ച വർണമനോഹരങ്ങളായ നൃത്തച്ചുവടുകളും ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന കാണികളുടെ നിറഞ്ഞ കൈയടി നേടി.

അഞ്ചു മണിക്കൂർ നീണ്ടു നിന്ന വർണാഭമായ ചടങ്ങുകളും മത്സരങ്ങളും ഹൂസ്റ്റൺ കലാസ്വാദകർക്കു നവ്യാനുഭവം പകർന്നു നൽകി. തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റും കലയോടുള്ള ആദരവും പുലർത്തിയ എല്ലാ മത്സരാർഥികളും അഭിനന്ദനം അർഹിക്കുന്നുവെന്നും ഷോയുടെ വിജയം പൂർണ സംതൃപ്‌തി നൽകുന്നുവെന്നും സംഘാടക ലക്ഷമി പീറ്റർ പറഞ്ഞു.

സ്മൈൽ റേഞ്ചേഴ്‌സ് ഡെന്‍റൽ, ജെസി വിക്ടറി കരീയർ ഇൻസ്റ്റിറ്റ്യൂട്ട്, അവാന്ത് ടാക്‌സ്, ആർവിഎസ് ഇൻഷ്വറൻസ്, അലാമോ ട്രാവൽസ്, പ്രോംപ്റ്റ് ഇൻഷ്വറൻസ്, അബാക്കസ് ട്രാവൽസ് തുടങ്ങി നിരവധി സ്‌പോൺസർമാർ പരിപാടിയുടെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി